പെർത്ത്: ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ തീപ്പൊരി ബൗളിങ് പ്രകടനത്തിനു പിന്നാലെ ബാറ്റിങ് വെടിക്കെട്ട് നടത്തി ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ 57 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലാണ്. ഓപ്പണർ യശസ്വി ജയ്‌സ്വാളും (90), കെ.എൽ. രാഹുലും (62) നടത്തിയ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് ഇപ്പോൾ ആകെ 218 റൺസിന്‍റെ ലീഡാണുള്ളത്.
ഓസ്ട്രേലിയ ഇന്ന് 51.2 ഓവറിൽ 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു.ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ജയ്‌സ്വാൾ-രാഹുല്‍ കൂട്ടുകെട്ട് പൊളിക്കാനായില്ല. 123 പന്തിൽ ജയ്‌സ്വാൾ ടെസ്റ്റിലെ 9–ാം അർധസെഞ്ചറി പൂർത്തിയാക്കി. 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ, ഏഴു ഫോറും രണ്ടു സിക്സും സഹിതമാണ് 90 റൺസെടുത്തത്.
20 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് ബാറ്റര്‍ ആദ്യ വിക്കറ്റിൽ 100 റൺസോ അതിലധികമോ കൂട്ടുക്കെട്ടിന്‍റെ റെക്കോർഡ് സ്ഥാപിച്ചു.172 റൺസിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി ഇരുവരും ചരിത്രം സൃഷ്ടിക്കുകയും റെക്കോർഡ് തങ്ങളുടെ പേരിലാക്കുകയും ചെയ്തു.