മുംബൈ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ (India vs England Test) ഇഷാന്‍ കിഷനെ (Ishan Kishan) ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിക്കാന്‍ ബിസിസിഐ (BCCI) ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ബന്ധപ്പെട്ട, ബിസിസിഐയോട് താന്‍ കളിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഇഷാന്‍ മറുപടി നല്‍കിയതെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെയാണ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലിനെ (Dhruv Jurel) സെലക്‌ടര്‍മാര്‍ പരിഗണിച്ചതെന്നുമാണ് പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് കീപ്പറായി കളിച്ച കെഎസ് ഭരത് ബാറ്റുകൊണ്ട് തീര്‍ത്തും നിറം മങ്ങിയ സാഹചര്യത്തിലായിരുന്നു ബിസിസിഐ ഇഷാനെ തിരികെ എത്തിക്കാന്‍ ശ്രമിച്ചത്. താരം ഇതിന് തയ്യാറാവാതിരുന്നതോടെ അവസരം ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞതോടെ ധ്രുവ് ജുറെല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അവധിയെടുത്ത ഇഷാന്‍ പിന്നീട് ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 25-കാരന്‍ അവധി നേടിയത്. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ താരം ക്രിക്കറ്റ് കളിക്കണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) പലകുറി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ തന്‍റെ ടീമായ ജാർഖണ്ഡിനായി ഇറങ്ങാന്‍ താരം തയ്യാറായില്ല. ഇഷാന്‍ തങ്ങളെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അധികൃതരും അറിയിച്ചിരുന്നു.
ഇതിനിടെ ഐപിഎല്ലിനായി (IPL 2024) തയ്യാറാവുന്നതിനായി ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പം താരം പരിശീലനത്തിന് ഇറങ്ങിയിരുന്നു. തുടർന്നാണ് വാര്‍ഷിക കരാറില്‍ നിന്നും ബിസിസിഐ ഇഷാനെ ഒഴിവാക്കുന്നത്. ഇതിന് മുന്നത്തെ കരാറില്‍ സി ഗ്രേഡ് കരാര്‍ നേടിയ താരമാണ് ഇഷാന്‍.