ജിദ്ദ: ഐപിഎൽ മെഗാ താരലേലത്തില്‍ ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരംഗയെ ടീമിലെത്തിച്ച രാജസ്ഥാൻ റോയൽസിന്‍റെ നീക്കത്തെ ട്രോളി എതിരാളികള്‍. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന് എതിരെ ഹസരങ്കയ്‌ക്കുള്ള മികച്ച റെക്കോഡാണ് ട്രോളിന് ആധാരം. ഐപിഎല്ലിലും അന്താരാഷ്‌ട്ര ടി20യിലുമായി ഇതുവരെ എട്ട് ഇന്നിങ്‌സുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതില്‍ ആറ് തവണയും സഞ്‌ജുവിനെ വീഴ്‌ത്താന്‍ ഹസരങ്കയ്‌ക്ക് കഴിഞ്ഞുവെന്നാണ് കണക്കുകള്‍. മാത്രമല്ല, ശ്രീലങ്കന്‍ ഓള്‍റൗണ്ടറുടെ 43 പന്തുകൾ നേരിട്ടുള്ള സഞ്ജുവിന് ആകെ നേടാന്‍ കഴിഞ്ഞത് 40 റൺസ് മാത്രം. മൂന്ന് വീതം സിക്‌സും ഫോറും ഇതില്‍ ഉള്‍പ്പെടും. ഹരങ്കയ്‌ക്കെതിരെ 6.66 മാത്രമാണ് സഞ്ജുവിന്‍റെ ശരാശരി.
ഇതോടെ ലോക മുന്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഹസരങ്കയെ കൂടെക്കൂട്ടിയത് രാജസ്ഥാന്‍റെ രാജതന്ത്രമാണെന്നാണ് ട്രോള്‍. ഐപിഎല്ലില്‍ സഞ്‌ജുവിനെ വീഴ്‌ത്താന്‍ ഹസരങ്കയ്‌ക്ക് ഇനി കഴിയില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിവിന്‍റെ താരമായിരുന്ന ഹസരങ്കയ്‌ക്കായി 5.25 കോടി രൂപയാണ് രാജസ്ഥാൻ റോയൽസ് മുടക്കിയത്. അതേസമയം മെഗാ താരലേലത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ ഹസരങ്ക ഉള്‍പ്പെടെ അഞ്ച് പേരെയാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
ALSO READ:വെങ്കടേഷ് അയ്യർക്ക് 'ബംപർ'; വമ്പന്‍ തുകയ്‌ക്ക് തിരിച്ചെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
12.50 കോടി മുടക്കി ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെയാണ് ഫ്രാഞ്ചൈസി ആദ്യം വാങ്ങിയത്. ഹസരങ്കയെ കൂടാതെ ശ്രീലങ്കന്‍ നിരയില്‍ നിന്ന് മഹീഷ് തീക്ഷണയേയും (4.40 കോടി) ഫ്രാഞ്ചൈസി സ്വന്തമാക്കി. ആകാശ് മധ്‌വാള്‍ (1.20 കോടി), കുമാര്‍ കാര്‍ത്തികേയ (30 ലക്ഷം) എന്നിവരേയും രാജസ്ഥാന്‍ കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു.