ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസണില്‍ നിലവിലെ ടീമിലുള്ള ആറു താരങ്ങളെ നിലനിർത്താൻ അനുമതി നൽകി ബിസിസിഐ. താരങ്ങളെ നിലനിര്‍ത്തുകയോ, അല്ലെങ്കിൽ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. ഇന്നലെ ബംഗളൂരുവില്‍ ചേര്‍ന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു.
ആർടിഎമ്മിൽ പരമാവധി അഞ്ച് ക്യാപ്‌ഡ് കളിക്കാരും (ഇന്ത്യൻ, വിദേശി) പരമാവധി രണ്ട് അൺക്യാപ്ഡ് കളിക്കാരും ഉണ്ടാകാം. ഐപിഎൽ 2025 ലെ ഫ്രാഞ്ചൈസികൾക്കുള്ള ലേല തുക 120 കോടി രൂപയായി നിശ്ചയിച്ചു. മൊത്തം ശമ്പള പരിധിയിൽ ഇനി ലേലത്തുക, വർദ്ധിച്ച പെർഫോമൻസ് പേ, മാച്ച് ഫീസ് എന്നിവ ഉൾപ്പെടും .നേരത്തെ മൊത്തം ശമ്പള പരിധി (ലേല തുക + ഇൻക്രിമെന്‍റൽ പെർഫോമൻസ് പേ) 2024 ൽ 110 കോടി രൂപയായിരുന്നു, അത് ഇപ്പോൾ (2025 ൽ 146 കോടി രൂപ), 2026 ൽ 151 കോടി രൂപയും 2027 ൽ 157 കോടി രൂപയുമായിരിക്കും.
ഐപിഎൽ ചരിത്രത്തിലാദ്യമായി ഓരോ കളിക്കാരനും മാച്ച് ഫീസ് ഏർപ്പെടുത്തുന്നു. ഓരോ കളിക്കാരനും (ഇംപാക്ട് പ്ലേയർമാർ ഉൾപ്പെടെ) ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ മാച്ച് ഫീ ലഭിക്കും. കരാർ തുകയ്ക്ക് പുറമെയായിരിക്കും. മെഗാ ലേലത്തിൽ വിദേശ താരങ്ങളെല്ലാം റജിസ്റ്റർ ചെയ്യണം. ഇനി മെഗാലേലത്തിൽ റജിസ്റ്റർ ചെയ്യാതിരുന്നാൽ തൊട്ടടുത്ത വർഷത്തെ ലേലത്തിൽ പങ്കെടുക്കാന്‍ വിലക്കുവരും . ഇനി കളിക്കാന്‍ വന്നില്ലെങ്കില്‍ അടുത്ത 2 വർഷത്തേക്ക് ലേലത്തിലോ ഐപിഎല്ലിലോ പങ്കെടുക്കാന്‍ കഴിയില്ല.