മുംബൈ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) 17-ാം പതിപ്പിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (Kolkata Knight Riders) പണം വാരിയെറിഞ്ഞ് സ്വന്തമാക്കിയ താരമാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc). ഐപിഎല്‍ 2024-നായി കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ 24.75 കോടി രൂപയാണ് സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്.
ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി 34-കാരന്‍ മാറി. ഓസീസ് സൂപ്പര്‍ താരത്തിന്‍റെ പ്രകടനത്തില്‍ വമ്പന്‍ പ്രതീക്ഷയാണ് ശ്രേയസ് അയ്യര്‍ നേതൃത്വം നല്‍കുന്ന കൊല്‍ക്കത്തയ്‌ക്കുള്ളത്. ഇപ്പോഴിതാ സീസണില്‍ സ്റ്റാര്‍ക്ക് എത്ര വിക്കറ്റുകള്‍ വീഴ്‌ത്തുമെന്ന പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസീസ് ടീമില്‍ സഹതാരവും ഐപിഎല്‍ 2024 കമന്‍ററി പാനലിസ്റ്റുമായ സ്റ്റീവ് സ്‌മിത്ത് (Steve Smith). ലീഗ് അവസാനിക്കുമ്പോഴേക്കും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അക്കൗണ്ടില്‍ 30 വിക്കറ്റുകൾ ഉണ്ടാവുമെന്നാണ് സ്‌മിത്ത് പറയുന്നത്.
പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഏറെ വിക്കറ്റുകള്‍ നേടാന്‍ സ്റ്റാര്‍ക്കിന് കഴിയുമെന്നും സ്‌മിത്ത് പറഞ്ഞു. "തീര്‍ച്ചയായും ഏറെ വിക്കറ്റുകളോടെയാവും മിച്ചല്‍ സ്റ്റാര്‍ക്ക് സീസണ്‍ അവസാനിപ്പിക്കുക എന്നാണ് ഞാന്‍ കരുതുന്നത്. ന്യൂ ബോളും പിന്നെ ഡെത്ത് ഓവറുകളിലുമായിരിക്കും അവന്‍ പന്തെറിയുക. അതിനാല്‍ തന്നെ വിക്കറ്റ് വീഴ്‌ത്താന്‍ അവന് ഏറെ അവസരങ്ങളുണ്ട്. സീസണില്‍ അവന്‍ 30 വിക്കറ്റുകള്‍ നേടും"- സ്‌മിത്ത് പറഞ്ഞു.
സ്‌മിത്തിന്‍റെ വാക്കുകള്‍ സത്യമായാല്‍ ഐപിഎല്ലിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടതല്‍ വിക്കറ്റ് വീഴ്‌ത്തിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റാര്‍ക്കിനും ഇടം നേടാം. ലീഗിന്‍റെ ഒരു പതിപ്പില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ റെക്കോഡ് നിലവില്‍ ഹർഷൽ പട്ടേലിന്‍റെയും ഡ്വെയ്ൻ ബ്രാവോയുടെയും പേരിലാണ്. 2021-ൽ ആര്‍സിബിയ്‌ക്ക് വേണ്ടി ഹര്‍ഷലും2013ൽ സിഎസ്‌കെക്ക് വേണ്ടി ബ്രാവോയും 32 വിക്കറ്റുകള്‍ വീതമായിരുന്നു വീഴ്ത്തിയത്. 2020-ൽ ഡൽഹി ക്യാപിറ്റൽസിനായി 30 വിക്കറ്റുകള്‍ നേടിയ കഗിസോ റബാഡയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
അതേസമയം മാര്‍ച്ച് 23-നാണ് പുതിയ സീസണില്‍ കൊല്‍ക്കത്ത തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. തുടര്‍ന്ന് മാര്‍ച്ച് 29-ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഏപ്രില്‍ മൂന്നിന് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്ക് എതിരെയാണ് ആദ്യ ഘട്ടത്തില്‍ കൊല്‍ക്കത്ത കളിക്കുന്നത്.
ALSO READ:ധോണിയുടെ വജ്രായുധം 'തയ്യാര്‍' ; ചെന്നൈക്ക് വമ്പന്‍ ആശ്വാസം - Matheesha Pathirana Injury Updates
കൊല്‍ക്കത്ത സ്ക്വാഡ് : ശ്രേയസ് അയ്യർ, കെ.എസ്. ഭരത്, റഹ്മാനുള്ള ഗുർബാസ്, റിങ്കു സിങ്, അംഗ്‌കൃഷ് രഘുവംഷി, ഷെർഫാൻ റൂഥർഫോർഡ് , മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ, നിതീഷ് റാണ, വെങ്കിടേഷ് അയ്യർ, അനുകുൽ റോയ്, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ. വൈഭവ് അറോറ, ചേതൻ സക്കറിയ, ഹർഷിത് റാണ, സുയാശ് ശർമ്മ, മിച്ചൽ സ്റ്റാർക്ക് , ദുഷ്മന്ത ചമീര , സാകിബ് ഹുസൈൻ, മുജീബ് ഉർ റഹ്മാൻ, ഫില്‍ സാള്‍ട്ട്.