ബെംഗളൂരു:ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങ് കണ്ടാസ്വദിച്ച റോയൽ ചാലഞ്ചേഴ്സ് ആരാധകർ. പക്ഷേ കോലി ജയിച്ചപ്പോൾ ബംഗളൂരു തോറ്റത് നിരാശയോടെ കണ്ടാണ് സ്റ്റേഡിയം വിട്ടത്.ബംഗളൂരു റോയൽ ചാലഞ്ചേഴ്സ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അനായാസം മറികടന്നു. നാലോവർ ബാക്കി നിൽക്കേ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 186 റൺസടിച്ച കൊൽക്കത്ത ഐ പിഎല്ലിൻ്റെ ഈ സീസണിൽ രണ്ടാം ജയം സ്വന്തമാക്കി.
പോയിൻ്റ് പട്ടികയിൽ
ഏഴു വിക്കറ്റിന് പരാജയപ്പെട്ട ബംഗളൂരു പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ചെന്നൈ സൂപ്പർ കിങ്ങ്സിനും രാജസ്ഥാൻ റോയൽസിനും കൊൽക്കത്ത നൈറ്റ് റൈഡോഴ്സിനും രണ്ട് കളിയിൽ നിന്ന് രണ്ട് ജയം വീതമാണുള്ളത്. മൂന്നു ടീമുകൾക്കും 4 പോയിൻ്റ് വീതമാണെങ്കിലും മികച്ച നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ ഒന്നാമതും കൊൽക്കത്ത രണ്ടാമതും രാജസ്ഥാൻ മൂന്നാമതുമാണുള്ളത്.
അമ്പത്തിരണ്ടാം ഐ പിഎൽ ഫിഫ്റ്റി
ഐ പിഎല്ലിൽ തൻ്റെ അമ്പത്തി രണ്ടാം അർദ്ധശതകം പൂർത്തിയാക്കിയ വിരാട് കോലി ഇന്നും നിരവധി റിക്കാർഡുകൾ സ്വന്തമാക്കിയാണ് മടങ്ങിയത്.ഐ പിഎല്ലിൽ ഏറ്റവുമധികം ഫിഫ്റ്റി സ്വന്തം പേരിൽ കുറിച്ച എം എസ് ധോണിയെയാണ് കോലി ഇന്ന് പിന്നിലാക്കിയത്.ഐ പി എൽ ചരിത്രത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിലും കോലിക്ക് ഇന്ന് സ്ഥാനക്കയറ്റം കിട്ടി. 240 മാച്ചുകളിൽ നിന്ന് 241 സിക്സറുകളുമായി കോലി ഇപ്പോൾ പട്ടികയിൽ നാലാം സ്ഥാനത്താണ്. 252 മാച്ചുകളിൽ നിന്ന് 239 സിക്സറുകൾ നേടിയ ധോണിയെത്തന്നെയാണ് ഇവിടേയും കോലി പുറകിലാക്കിയത്.ക്രിസ് ഗെയിൽസ്, രോഹിത് ശർമ, എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് ഇനി കോലിക്ക് മുന്നിലുള്ളത്.
59 പന്തിൽ നിന്ന് 4 ഫോറും നാല് സിക്സും പറത്തിയാണ് കോലി അതിവേഗം 83 റൺസ് നേടിയത്. 3 മൽസരം പിന്നിട്ടപ്പോൾ ഈ ഐപിഎൽ സീസണിലെ ഏറ്റവും മിക്കച്ച റൺ സ്കോററും കോലി തന്നെയാണ്.
കോലിയും കാമറൂൺ ഗ്രീനും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്42 പന്തിൽ നിന്ന് 65 റൺസടിച്ച് ബംഗളൂരു ഇന്നിങ്ങ്സിന് കരുത്ത് പകർന്നത്. കാമറൂൺ ഗ്രീൻ 21 പന്തിൽ നിന്ന് 33 റൺസ് നേടി.അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കും പതിവുപോലെ കത്തിക്കയറി. 8 ബോളിൽ നിന്ന് 3 സിക്സറുകളോടെ 20 റൺസ്.ഇവരൊഴിച്ചുള്ള മറ്റ് ബംഗളൂരു ബാറ്റർമാർ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു.അഞ്ഞൂറാമത് ടി ട്വൻ്റി മൽസരം കളിച്ച സുനിൽ നരെയ്ൻനെ കാമറൂൺ കണക്കറ്റ് പ്രഹരിച്ചു. പേസ് കുറച്ച് പന്തെറിഞ്ഞ കൊൽക്കത്ത ബൌളർമാർക്ക് അതു കൊണ്ടുതന്നെ സ്കോറിങ്ങ് വേഗം കുറക്കാൻ സാധിച്ചു.
കാമറൂൺ ഗ്രീനും ഗ്ലെൻ മാക്സ്വെല്ലും ഒഴികെയുള്ള മധ്യനിര നിരയ്ക്ക് കാര്യമായൊന്നും ചെയ്യാനാവാതെ വന്നതോടെ ബംഗളൂരുവിൻ്റെ സ്കോർ ആറിന് 182 റൺസ് എന്ന സ്കോറിലൊതുങ്ങി.ഓപ്പണറായിറങ്ങിയ സുനിൽ നരെയ്ൻ 5 സിക്സറുകളുടെ സഹായത്തോടെ 22 പന്തിൽ നിന്ന് 47 റൺസടിച്ചു. 30 പന്തിൽ നിന്ന് 4 സിക്സറുകളോടെ 50 റൺസടിച്ച വെങ്കിടേഷ് അയ്യരും24 പന്തിൽ നിന്ന് 39 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും 20 പന്തിൽ നിന്ന് 30 റൺസ് നേടിയ ഫിൽ സാൾട്ടുമൊക്കെ തങ്ങളുടെ ഭാഗം ഗംഭീരമാക്കിയതോടെ കൊൽക്കത്തയ്ക്ക് വിജയം കൈപ്പിടിയിലായി. മൂന്ന് ഓവറും ഒരു പന്തും ബാക്കി നിൽക്കേ മായാങ്ക് ദാഗറിൻ്റെ പന്ത് ഡീപ് സ്ക്വയർലെഗ് ബൌണ്ടറിക്ക് മുകളിലൂടെ ഗ്യാലറിയിലേക്ക് സിക്സർ പറത്തി കൊൽക്കത്ത ക്യാപ്റ്റൻ വിജയം ആഘോഷിച്ചു.സുനിൽ നരെയ്ൻ ആണ് കളിയിലെ താരം.
IPL 2024 Royal Challengers Bengaluru vs Kolkata Knight Riders result