ബെംഗളൂരു :ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയത്തോടെ ഐപിഎല്ലില്‍ പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെ നാല് വിക്കറ്റിന്‍റെ ജയമായിരുന്നു ഇന്നലെ (മെയ് 4) ആര്‍സിബി സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 147 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച ബെംഗളൂരു 13.4 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെയാണ് ജയം പിടിച്ചത്. പവര്‍പ്ലേയില്‍ 92 റണ്‍സ് അടിച്ചെടുത്തെങ്കിലും പിന്നീട് ബാറ്റിങ്ങില്‍ നേരിടേണ്ടി വന്ന കൂട്ടത്തകര്‍ച്ചയാണ് ആര്‍സിബിയുടെ ജയം വൈകിപ്പിച്ചത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ജയിച്ചതോടെ പോയിന്‍റ് പട്ടികയിലെ പത്താം സ്ഥാനം മെച്ചപ്പെടുത്താനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായിട്ടുണ്ട്.
സീസണിലെ 11-ാം മത്സരത്തില്‍ നാലാമത്തെ ജയം നേടിയ ആര്‍സിബി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ചിന്നസ്വാമിയിലെ ജയത്തോടെ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്‌സ് ടീമുകളെ പിന്നിലാക്കിയാണ് ബെംഗളൂരു പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് എത്തിയത്. നെറ്റ് റണ്‍റേറ്റ് -0.049 ആയി മെച്ചപ്പെടുത്താനും ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്.