ലഖ്‌നൗ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ രാജസ്ഥാന്‍ റോയല്‍സിന് എതിരാളികളായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. വൈകീട്ട് ഏഴരയ്‌ക്ക് തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നേരിടുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയത്തോടെ 14 പോയിന്‍റുമായാണ് രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്.
വിജയിക്കാന്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിനോട് ഒരു പടികൂടി അടുക്കാന്‍ സഞ്‌ജുവിനും സംഘത്തിനും കഴിയും. അവസാനം കളിച്ച മത്സരത്തില്‍ മുംബൈക്കെതിരെ നേടിയ മിന്നും വിജയവുമായാണ് രാജസ്ഥാന്‍ എത്തുന്നത്. സ്വന്തം തട്ടകമായ ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍ ജയിച്ച് കയറിയത്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിയും സന്ദീപ് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമായിരുന്നു ടീമിന് നിര്‍ണായകമായത്. ഇതിന് മുന്നെ കളിച്ച മത്സരങ്ങളില്‍ തന്‍റെ മികവിലേക്ക് ഉയരാന്‍ യശസ്വിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. മുംബൈക്കെതിരെ യശസ്വി റണ്‍വരള്‍ച്ച അവസാനിപ്പിച്ചത് രാജസ്ഥാന്‍ ബാറ്റിങ് യൂണിറ്റിന്‍റെ കരുത്ത് കൂട്ടും.
മുംബൈക്കെതിരെ 60 പന്തിൽ പുറത്താകാതെ 104 റൺസായിരുന്നു 23-കാരന്‍ നേടിയത്. ടി20 ലോകകപ്പ് സെലക്ഷനുമായി ബന്ധപ്പെട്ടുള്ള യോഗം നടക്കാനിരിക്കെ ക്യാപ്റ്റന്‍ സഞ്‌ജു സാംസണെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ മത്സരമാണിത്. എട്ട് മത്സരങ്ങളില്‍ നിന്നും 314 റൺസ് നേടിയ സഞ്‌ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തന്നെയുണ്ട്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാമുറപ്പിച്ചുകഴിഞ്ഞുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്. ബാക്കപ്പായി ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഏകാന സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്‌ജുവിനെ മാറ്റി നിര്‍ത്തുക സെലക്‌ടര്‍മാര്‍ക്ക് അത്ര എളുപ്പമാവില്ല.
ALSO READ: കൊടുത്താല്‍ കൊല്ലത്തല്ല 'ഈഡനിലും' കിട്ടും; പഞ്ചാബ് കിങ്‌സിന്‍റെ ബാറ്റിങ് വെടിക്കെട്ട്, തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ 'റെക്കോഡ്' - Highest Run Chases In T20
അതേസമയം എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം നേടിയ ലഖ്‌നൗ 10 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. രാജസ്ഥാനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്താന്‍ ലഖ്‌നൗവിന് കഴിയും. സീസണില്‍ നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ലഖ്‌നൗവിനെ രാജസ്ഥാന്‍ 20 റണ്‍സിന് കീഴടക്കിയിരുന്നു. ഈ തോല്‍വിക്ക് കൂടി ഇന്ന് രാജസ്ഥാനോട് ലഖ്‌നൗവിന് കണക്ക് തീര്‍ക്കേണ്ടതുണ്ട്.