ന്യൂഡൽഹി: ഇന്ത്യൻ ടീമിന്‍റെ വലംകൈയ്യൻ സ്റ്റാർ ബാറ്റര്‍ കെ.എൽ രാഹുലാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇന്നലെ 'എനിക്ക് ഒരു പ്രഖ്യാപനം നടത്താനുണ്ട്, തുടരുക..' എന്ന് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. എന്താണ് രാഹുലിന് പറയാനുള്ളതെന്ന് എല്ലാവര്‍ക്കും ആകാംക്ഷയുണ്ടാക്കി. പിന്നാലെ താരത്തിന്‍റേതെന്ന പേരില്‍ കാട്ടുതീ പോലെ പടരുന്ന രണ്ടാമത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് കായിക പ്രേമികള്‍ക്കിടയില്‍ കോളിളക്കം സൃഷ്‌ടിച്ചത്.
'വളരെയധികം ആലോചിച്ചതിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചു. ഈ തീരുമാനം എളുപ്പമായിരുന്നില്ല, കാരണം വർഷങ്ങളായി എന്‍റെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് സ്പോർട്‌സ്. കരിയറിലുടനീളം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹതാരങ്ങള്‍, ആരാധകര്‍ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിവുള്ള നിരവധി വ്യക്തികള്‍ക്കൊപ്പം കളിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രചരിച്ച സ്ക്രീന്‍ഷോട്ടിലെ പ്രധാന കുറിപ്പ്. ഇതോടെ പ്രിയ ക്രിക്കറ്റ് താരം വിരമിച്ചോയെന്ന് ആരാധകര്‍ക്കിടയില്‍ സംശയമായി. പോസ്റ്റിന്‍റെ ആധികാരികതയും സത്യസന്ധതയും ചോദ്യം ചെയ്‌ത് നിരവധി പേരാണ് രംഗത്തെത്തിയത്.