ജൊഹനസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയും ലക്ഷ്യം വച്ച് ടീം ഇന്ത്യ നാളെ (നവംബര്‍ 15) ഇറങ്ങും. ജൊഹനാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് നാലാം ടി20. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ഇന്ത്യ.
ആദ്യ മത്സരത്തില്‍ സെഞ്ച്വറി അടിച്ച ശേഷം കഴിഞ്ഞ രണ്ട് കളിയിലും ഡക്കായ ഓപ്പണര്‍ സഞ്ജു സാംസണ് തന്നെയാകും ജൊഹനാസ്ബര്ഗിലും പ്രധാന ശ്രദ്ധാകേന്ദ്രം. സ്ഥിരതയില്ലായ്മയില്‍ മുന്‍പ് പലപ്പോഴായി വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള സഞ്ജുവിന് മികച്ച സ്കോര്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. നാളെ നടക്കുന്ന കളിയിലും മികവ് പുലര്‍ത്താനായില്ലെങ്കില്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് പാടുപെടേണ്ടി വന്നേക്കാം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര കഴിഞ്ഞാല്‍ പിന്നീട് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയ്ക്ക് ടി20യുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഈ പരമ്പര.
കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ച്വറിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശര്‍മ തന്നെയാകും ജൊഹനസ്ബര്ഗിലും സഞ്ജുവിനൊപ്പം ഓപ്പണറായെത്തുക. മൂന്നാം നമ്പറില്‍ തിലക് വര്‍മ തുടരുമെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്. സെഞ്ചൂറിയനില്‍ ഇന്ത്യയ്ക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ തിലക് സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു.