ധര്‍മ്മശാല:ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ (India vs England 5th Test) രണ്ടാം ദിനം 255 റണ്‍സിന്‍റെ തകര്‍പ്പന്‍ ലീഡോടെ അവസാനിപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നേടിയ 218 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ രണ്ടാം ദിനമത്സരം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 478 റണ്‍സ് എന്ന നിലയാണ്. കുല്‍ദീപ് യാദവ് ( 27*), ജസ്‌പ്രീത് ബുംറ (19*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
രോഹിത് ശര്‍മ (Rohit Sharma- 103), ശുഭ്‌മാന്‍ ഗില്‍ ( Shubman Gill- 110) എന്നിവരുടെ സെഞ്ചുറികളാണ് ടീമിനെ മികച്ച നിലയിലേക്ക് നയിച്ചത്. അരങ്ങേറ്റക്കാരന്‍ ദേവ്‌ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായും തിളങ്ങി. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.
യശസ്വി ജയ്സ്വാളിന്‍റെ (57) വിക്കറ്റ് ഇന്നലെ നഷ്‌ടമായ ഇന്ത്യ, 135/1 എന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്. രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ഇംഗ്ലീഷ് ബോളര്‍മാരെ മികച്ച രീതിയില്‍ നേരിട്ടു. 171 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ലഞ്ചിന് ശേഷമാണ് ഇന്ന് ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്.
രോഹിത്തിനെ ബെന്‍ സ്റ്റോക്‌സ് ബൗള്‍ഡാക്കി. 162 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 13 ഫോറുകളും മൂന്ന് സിക്സും നേടിയാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ ജയിംസ് ആന്‍ഡേഴ്‌സണും തിരിച്ചയച്ചു. 150 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളും അഞ്ച് സിക്‌സറും പറത്തിയ ഗില്ലും ബൗള്‍ഡാവുകയായിരുന്നു.