രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് 445 റണ്‍സിന്‍റെ വമ്പന്‍ സ്‌കോര്‍. 130.5 ഓവര്‍ ബാറ്റ് ചെയ്‌താണ് ആതിഥേയര്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ മികച്ച സ്‌കോറിലേക്ക് എത്തിയത്. (India vs England 3rd Test Score Updates) മോശം തുടക്കത്തിന് ശേഷം രോഹിത് ശര്‍മ (Rohit Sharma), രവീന്ദ്ര ജഡേജ (Ravindra jadeja) എന്നിവരുടെ സെഞ്ചുറിക്കരുത്തിലായിരുന്നു ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്‌ത്തി.
അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 326 റൺസ് എന്ന നിലയില്‍ മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റില്‍ 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ന് തുടക്കം തന്നെ ഇന്ത്യയ്‌ക്ക് കുൽദീപ് യാദവിന്‍റെയും (4) രവീന്ദ്ര ജഡജേയുടേയും (112) വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഇന്നലെ പുറത്താവാതെ നിന്ന ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ വെറും ആറു റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനെയാണ് വീണത്.
നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപിനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ എത്തിച്ചു. പിന്നാലെ തന്നെ രവീന്ദ്ര ജഡേജയെ ഇംഗ്ലണ്ടിന്‍റെ പാര്‍ട്ട് ടൈം സ്‌പിന്നര്‍ ജോ റൂട്ട് സ്വന്തം പന്തില്‍ കയ്യിലൊതുക്കുകയും ചെയ്‌തു. ആകെ 225 പന്തുകള്‍ നേരിട്ട ജഡേജയുടെ ഒമ്പത് ഫോറും രണ്ടു സിക്‌സറുകളും നേടിയാണ് മടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ആര്‍ അശ്വിന്‍- ധ്രുവ് ജുറെല്‍ സഖ്യം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.
ഇംഗ്ലീഷ് ബോളര്‍മാര്‍ക്കെതിരെ നങ്കൂരമിട്ട് കളിച്ച ഇരുവരും എട്ടാം വിക്കറ്റില്‍ 77 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയതാണ് ഇന്ത്യ 400 കടക്കുന്നതില്‍ നിര്‍ണായകമായത്. അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പുറത്താവുന്നത്. 89 പന്തില്‍ 37 റണ്‍സെടുത്ത അശ്വിനേയും 104 പന്തില്‍ 46 റണ്‍സെടുത്ത ജുറെലിനേയും റെഹാന്‍ അഹമ്മദാണ് വീഴ്‌ത്തുന്നത്.