വിശാഖപട്ടണം :വിശാഖപട്ടണം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം ഇംഗ്ലണ്ടിന് 399 റണ്‍സിന്‍റെ വിജയ ലക്ഷ്യം കുറിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്‌സില്‍ 143 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ 255 റണ്‍സിന് പുറത്താവുകയായിരുന്നു (India vs England 2nd Test Score Updates).
റെഡ് ബോള്‍ ക്രിക്കറ്റില്‍ റണ്‍വരള്‍ച്ച അവസാനിപ്പിച്ച് സെഞ്ചുറി പ്രകടനം നടത്തിയ ശുഭ്‌മാന്‍ ഗില്ലാണ് (Shubman Gill ) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. 147 പന്തുകളില്‍ 11 ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 104 റണ്‍സായിരുന്നു ഗില്‍ നേടിയത്. ടെസ്റ്റില്‍ താരത്തിന്‍റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. 11 മാസത്തിനിടെ ഫോര്‍മാറ്റില്‍ ഇതാദ്യമായാണ് ഗില്‍ മൂന്നക്കം തൊടുന്നത്.
84 പന്തില്‍ 45 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ട്‌ലി നാലും റെഹാന്‍ അഹമ്മദ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് വിക്കറ്റ് നഷ്‌ടമില്ലാതെ 28 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയുമായിരുന്നു ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയത്.
തുടക്കം തന്നെ ഇരുവരേയും തിരിച്ചയച്ച് ജയിംസ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്‌ക്ക് ഇരട്ടപ്രഹരം നല്‍കി. ടീം ടോട്ടലില്‍ ഒരു റണ്‍സ് ചേര്‍ന്നപ്പോഴേക്കും രോഹിത്തിന്‍റെ (13) കുറ്റി തെറിച്ചു. പിന്നാലെ തന്നെ യശസ്വിയെ (17) ജോ റൂട്ടും കയ്യിലൊതുക്കി. ഇതോടെ 30-ന് രണ്ട് എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങി.