വിശാഖപട്ടണം:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ നാളെ ഇറങ്ങും. വിശാഖപട്ടണത്ത് രാവിലെ 9:30നാണ് മത്സരം ആരംഭിക്കുന്നത്. ഹൈദരാബാദിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് നാളെ ആരംഭിക്കുന്ന രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ് (India vs England Match Preview).
ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ട് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലിയുടെ ഏഴ് വിക്കറ്റ് പ്രകടനമായിരുന്നു 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ ടീമിനെ എറിഞ്ഞിട്ടത്. വിശാഖപട്ടണത്ത് ഹാര്‍ട്‌ലിയുടെ പന്തുകളെ ടീം ഇന്ത്യ എങ്ങനെ നേരിടുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
രണ്ടാം മത്സരത്തില്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണും സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീറും ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് എത്തിയിട്ടുണ്ട്. മാര്‍ക്ക് വുഡും ജാക്ക് ലീച്ചുമാണ് പ്ലേയിങ് ഇവനില്‍ നിന്നും പുറത്തായത്. അതേസമയം, പ്രധാന താരങ്ങളായ കെഎല്‍ രാഹുലിന്‍റെയും രവീന്ദ്ര ജഡേജയുടെയും പരിക്കാണ് ടീം ഇന്ത്യ നേരിടുന്ന പ്രധാന തലവേദന.
ഇരുവരും നാളെ ആരംഭിക്കാനിരിക്കുന്ന മത്സരത്തില്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ അഭാവത്തില്‍ സര്‍ഫറാസ് ഖാന്‍, രജത് പടിദാര്‍ എന്നിവരില്‍ ഒരാള്‍ ടീമില്‍ എത്തിയേക്കും. സ്‌പിന്നറായി കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ എത്താനും സാധ്യതയുണ്ട്.
ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവരുടെ ഫോമും ടീമിന് ആശങ്കയാണ്. രാഹുലും ജഡേജയും ഇല്ലാത്ത സാഹചര്യത്തില്‍ ഗില്ലും ശ്രേയസും പ്ലേയിങ് ഇലവനില്‍ തുടര്‍ന്നേക്കാം. ഇരുവരും വിശാഖപട്ടണത്ത് റണ്‍സ് കണ്ടെത്തുമെന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷയും.
താളം കണ്ടെത്താന്‍ വിഷമിക്കുന്ന പേസര്‍ മുഹമ്മദ് സിറാജിനെ പുറത്തിരുത്താനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ല. സിറാജിനെ കളിപ്പിച്ചില്ലെങ്കില്‍ മുകേഷ് കുമാര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.