കേരളം

kerala

ETV Bharat / sports

വിശാഖപട്ടണത്ത് പോര് മുറുകുന്നു; ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നല്‍കി അശ്വിന്‍, മൂന്നാം ദിനം 331 റണ്‍സ് പിന്നില്‍ - ഇന്ത്യ vs ഇംഗ്ലണ്ട്

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കും ഇംഗ്ലണ്ടിനും വിജയ പ്രതീക്ഷ. മത്സരത്തില്‍ രണ്ട് ദിനം ശേഷിക്കെ ആതിഥേയര്‍ക്ക് 9 വിക്കറ്റുകളും ഇംഗ്ലണ്ടിന് 332 റണ്‍സുമാണ് വിജയത്തിനായി വേണ്ടത്.

India vs England Test  Shubman Gill  ഇന്ത്യ vs ഇംഗ്ലണ്ട്  ശുഭ്‌മാന്‍ ഗില്‍
India vs England 2nd Test 3rd day Highlights

By ETV Bharat Kerala Team

Published : Feb 4, 2024, 5:58 PM IST

വിശാഖപട്ടണം:ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ആവേശം മുറുകുന്നു.വിശാഖപട്ടണത്ത് ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. (India vs England 2nd Test 3rd day Highlights)

സാക്ക് ക്രൗളി (50 പന്തില്‍ 29), റെഹാന്‍ അഹമ്മദ് (8 പന്തില്‍ 9) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി 50 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് ഓപ്പണര്‍ പിരിഞ്ഞത്. തന്‍റെ ആദ്യ ഓവറില്‍ തന്നെ അശ്വിന്‍ ഡെക്കറ്റിനെ ശ്രീകര്‍ ഭരത്തിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു.

മത്സരത്തില്‍ രണ്ട് ദിനം ശേഷിക്കെ ഇന്ത്യയ്‌ക്ക് 9 വിക്കറ്റുകളും ഇംഗ്ലണ്ടിന് 332 റണ്‍സുമാണ് വിജയത്തിനായി വേണ്ടത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 143 റണ്‍സിന്‍റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സിന് പുറത്താവുകയായിരുന്നു. ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) സെഞ്ചുറി പ്രകടനമാണ് ആതിഥേയര്‍ക്ക് തുണയായത്.

147 പന്തുകളില്‍ 104 റണ്‍സായിരുന്നു ശുഭ്‌മാന്‍ ഗില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്‍റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. 11 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. അക്‌സര്‍ പട്ടേലും (84 പന്തില്‍ 45 ) ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ട്‌ലി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. റെഹാന്‍ അഹമ്മദ് മൂന്നും ജയിംസ്‌ ആന്‍ഡേഴ്‌സണ്‍ രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് വിക്കറ്റ് നഷ്‌ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ക്കായി രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമായിരുന്നു ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയത്. എന്നാല്‍ തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും ചേര്‍ക്കാന്‍ കഴിയാതെ രോഹിത്തിനേയും (13) പിന്നാലെ തന്നെ യശസ്വി ജയ്‌സ്വാളിനേയും (17) തിരികെ അയച്ച് ജയിംസ്‌ ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്‌ക്ക് ഇരട്ടപ്രഹരം നല്‍കി.

പിന്നീട് ഒന്നിച്ച ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. റെഡ്‌ ബോള്‍ ക്രിക്കറ്റിലെ മോശം പ്രകടനത്തിന് കടുത്ത വിമര്‍ശനം നേടിരുന്ന താരങ്ങളാണ് ഇരുവരും. കരുതലോടെ കളിച്ചുവെങ്കിലും ഗില്ലിനൊപ്പം 81 റണ്‍സ് ചേര്‍ത്ത് ശ്രേയസ് (29) മടങ്ങി.

തുടര്‍ന്നെത്തിയ രജത് പടിദാറിന് (9) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അക്‌സര്‍ പട്ടേലിനൊപ്പം ചേര്‍ന്ന ശുഭ്‌മാന്‍ ഗില്‍ സെഞ്ചുറിയിലേക്ക് എത്തി വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. 89 റണ്‍സ് ചേര്‍ത്ത ഗില്‍- അക്‌സര്‍ സഖ്യം പിരിയുമ്പോള്‍ അഞ്ചിന് 211 എന്ന നിലയിലായിരുന്നു ആതിഥേയര്‍. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഷൊയ്‌ബ് ബഷീറിന്‍റെ പന്തില്‍ ഗില്ലിനെ ബെന്‍ സ്റ്റോക്‌സ് പിടികൂടുകയായിരുന്നു.

ALSO READ: 'പൊന്നുമോനേ, പെരുത്ത് നന്ദി' ; ഗില്ലിനോട് കെവിന്‍ പീറ്റേഴ്‌സണ്‍

പിന്നാലെ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. വൈകാതെ തന്നെ അക്‌സര്‍ പട്ടേല്‍ (45) വീഴുകയും ശ്രീകര്‍ ഭരത്തിനും (6) കുല്‍ദീപ് യാദവിനും (0) പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്‌തതോടെ എട്ടിന് 229 എന്ന നിലയിലേക്ക് ഇന്ത്യ പ്രതിരോധത്തിലായി. ഒമ്പതാം വിക്കറ്റില്‍ അശ്വിന് ജസ്‌പ്രീത് ബുംറ കൂട്ടുനിന്നതോടെയാണ് ഇന്ത്യയ്‌ക്ക് 250 റണ്‍സ് കടക്കാന്‍ കഴിഞ്ഞത്.

26 പന്തുകള്‍ നേരിട്ട ജസ്‌പ്രീത് ബുംറയ്‌ക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ലെങ്കിലും അശ്വിന്‍ 26 റണ്‍സ് ചേര്‍ക്കുകയായിരുന്നു. അശ്വിന്‍ (29) വീണതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സും തീര്‍ന്നത്. മുകേഷ് കുമാര്‍ (0*) പുറത്താവാതെ നിന്നു.

ABOUT THE AUTHOR

...view details