വിശാഖപട്ടണം : നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ സര്‍ഫറാസ് ഖാന് (Sarfaraz Khan) ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 26കാരനായ സര്‍ഫറാസ് ഖാനെ തഴയുന്നതില്‍ നിരവധി പ്രാവശ്യം ആരാധകരുടെ ചീത്തവിളി കേട്ട ശേഷമാണ് ഇപ്പോള്‍ താരത്തെ ടീമിലെടുക്കാന്‍ ബിസിസിഐയുടെ തീരുമാനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്കാണ് മുംബൈ ബാറ്ററായ സര്‍ഫറാസ് ഖാനെയും പരിഗണിച്ചിരിക്കുന്നത്.
സീനിയര്‍ താരം കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് സര്‍ഫറാസ് ഖാന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ക്ഷണം ലഭിച്ചത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത് (India vs England 2nd Test). സര്‍ഫറാസിനൊപ്പം സൗരഭ് കുമാര്‍, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവരും രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.
വിശാഖപട്ടണത്ത് ആരിറങ്ങും...? :ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സര്‍ഫറാസ് ഖാന്‍ ആദ്യമായി ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് എത്തുന്നത്. ഇത്രയും നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ടീമിലേക്ക് ക്ഷണം ലഭിച്ച സര്‍ഫറാസ് വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കെഎല്‍ രാഹുലിന്‍റെ പകരക്കാരനായി എത്തിയ സര്‍ഫറാസ് രണ്ടാം മത്സരത്തില്‍ രാഹുലിന്‍റെ ബാറ്റിങ് പൊസിഷനില്‍ കളിക്കാനിറങ്ങുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ 160 പന്തില്‍ നിന്നും 161 റണ്‍സായിരുന്നു സര്‍ഫറാസ് നേടിയത്. ഇത്തരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന വിരാട് കോലിയുടെ പകരക്കാരനായി രജത് പടിദാറിനെയായിരുന്നു (Rajat Patidar) ബിസിസിഐ ടീമിലേക്ക് പരിഗണിച്ചത്. സെലക്‌ടര്‍മാരുടെ ഈ തീരുമാനത്തിനെതിരെയും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
രണ്ടാം ടെസ്റ്റില്‍ കെഎല്‍ രാഹുലിന്‍റെ പൊസിഷനിലാണ് ഇന്ത്യന്‍ ടീമില്‍ ഒഴിവുള്ളത്. ഈ സ്ഥാനത്തേക്ക് എത്താന്‍ സര്‍ഫറാസ് ഖാനും രജത് പടിദാറും തമ്മിലായിരിക്കും മത്സരം. നിലവിലെ സാഹചര്യത്തില്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ മധ്യപ്രദേശ് താരം രജത് പടിദാര്‍ ഇന്ത്യയ്‌ക്കായി അരങ്ങേറാനാണ് കൂടുതല്‍ സാധ്യത.