ന്യൂഡൽഹി:ചാമ്പ്യൻസ് ട്രോഫി ട്രോഫി പര്യടനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ തീരുമാനവുമായി ഐസിസി. പാക് അധീന കശ്മീരില്‍ ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐസിസി.പാക് അധീന കശ്മീരിന്‍റെ ഭാഗമായ സ്‌കാര്‍ഡു, മുറെ, മുസാഫറാബാദ് എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്താന്‍ പിസിബി തീരുമാനിച്ചിരുന്നു ഇതാണ് റദ്ദാക്കിയത്.
പിഒകെ മേഖലയിലെ ഈ നഗരങ്ങൾ ഉൾപ്പെടുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർ നവംബർ 16 മുതൽ ആരംഭിക്കുമെന്ന് പിസിബി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിഒകെയുടെ പരിധിയില്‍ വരുന്ന നഗരങ്ങളില്‍ ട്രോഫി പര്യടനം നടത്തുന്നത് ഐസിസി റദ്ദാക്കിയത്. നവംബര്‍ 24 വരെയാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ രാജ്യവ്യാപക ട്രോഫി പര്യടനം പിസിബി പ്രഖ്യാപിച്ചത്.
അതേസമയം മത്സരത്തിനായി പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തിൽ വിശദീകരണം തേടി പിസിബി ഐസിസിക്ക് കത്തെഴുതി. മുഴുവൻ ടൂർണമെന്‍റും പാകിസ്ഥാനിൽ ആതിഥേയത്വം വഹിക്കുന്നതിൽ ഉറച്ചുനിൽക്കുന്നതിനാൽ വിഷയത്തിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിനെ (സിഎഎസ്) സമീപിക്കാനുള്ള ഓപ്ഷൻ പിസിബി പരിശോധിക്കുന്നുണ്ട്.