ന്യൂഡൽഹി:ജര്‍മനിയുമായി രണ്ട് മത്സരങ്ങളുള്ള ഉഭയകക്ഷി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഡല്‍ഹി മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ജർമ്മനിയോട് 0-2 ആണ് തോൽവി ഏറ്റുവാങ്ങിയത്. ജർമ്മനിക്കായി മെർട്‌ജെൻസും (മൂന്നാം മിനിറ്റ്), ലൂക്കാസ് വിൻഡ്‌ഫെഡറും (30-ാം മിനിറ്റ്) ഗോളുകൾ നേടി ടീമിന് തകർപ്പൻ ജയം സമ്മാനിച്ചു. കഴിഞ്ഞ മാസം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീം മത്സരത്തിന്‍റെ മുഴുവൻ സമയവും മോശമായാണ് കളിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെ താരത്തിന്‍റെ പതിവ് ശൈലിയിൽ കണ്ടില്ല. കൂടാതെ താരം നിരവധി പെനാൽറ്റി കോർണറുകൾ നഷ്‌ടപ്പെടുത്തി ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി.
മത്സരത്തിൽ ഇന്ത്യ വളരെ പതുക്കെ ആരംഭിച്ചത് ജർമ്മനി നന്നായി മുതലെടുത്തു. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യയെ ആക്രമിച്ച ജർമ്മൻ ടീമാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ജർമ്മൻ താരങ്ങൾ അനായാസം ഇന്ത്യൻ പ്രതിരോധം തുളച്ചുകയറി ഗോൾ പോസ്റ്റിലെത്തുകയും മെർട്ജെൻസ് ഉജ്ജ്വലമായ ഫീൽഡ് ഗോളിലൂടെ ജര്‍മനിയെ 1-0ന് മുന്നിലെത്തിച്ചു.
ആദ്യ പാദത്തിൽ 0-1 ന് പിന്നിലായിരുന്ന ഇന്ത്യൻ ടീം രണ്ടാം പാദത്തിൽ വേഗമേറിയ തുടക്കമാണ് കുറിച്ചത്. രണ്ടാം പാദത്തിൽ ഇന്ത്യ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. 30-ാം മിനിറ്റിൽ ഇന്ത്യക്ക് ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും അത് പാഴായി. 28-ാം മിനിറ്റിൽ ഇന്ത്യക്ക് ലഭിച്ച പെനാൽറ്റി കോർണർ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഗോൾ പോസ്റ്റിലേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ടു. എന്നാല്‍ ജർമ്മനി റഫറൽ എടുക്കുകയും ഇന്ത്യയ്ക്ക് പെനാൽറ്റി സ്ട്രോക്ക് ലഭിക്കുകയും ചെയ്‌തു. അതിൽ ഹർമൻപ്രീതിന് സ്കോർ ചെയ്യാനായില്ല.