വിശാഖപട്ടണം :ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ (India vs England 2nd Test) ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിന്‍റെ നെടുന്തൂണായത് യുവതാരം യശസ്വി ജയ്‌സ്വാളാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരറ്റത്ത് പൊരുതിക്കളിച്ച യശസ്വി ഇരട്ട സെഞ്ചുറിയുമായാണ് തിളങ്ങിയത്. ആക്രമണവും പ്രതിരോധവും ചാലിച്ച് 290 പന്തുകളില്‍ 209 റണ്‍സായിരുന്നു 22-കാരന്‍ അടിച്ചുകൂട്ടിയത്.
ടെസ്റ്റ് കരിയറിലെ തന്‍റെ ആദ്യ ഡബിള്‍ സെഞ്ചുറിക്ക് 19 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമാണ് യശസ്വി നേടിയത്. ഇതിന് പിന്നാലെ 22-കാരനെ പുകഴ്‌ത്തി നിരവധി പേരാണ് രംഗത്ത് എത്തിയത്. യശസ്വി ജയ്‌സ്വാള്‍ നിലവില്‍ സര്‍ ഡോണ്‍ ബ്രാഡ്‌മാനേക്കാള്‍ മുകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹനാണെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര രംഗത്ത് എത്തിയിരുന്നു (Aakash Chopra Praised Yashasvi Jaiswal).
ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗിനോടും പലരും യശസ്വിയെ താരതമ്യപ്പെടുത്തുകയും ചെയ്‌തു. ആക്രമിച്ച് കളിച്ച് അതിവേഗത്തില്‍ റണ്‍സ് നേടുന്ന താരത്തിന്‍റെ മികവായിരുന്നു ഇതിന് കാരണം. വിശാഖപട്ടണത്ത് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ സിക്‌സറടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ യശസ്വി ജയ്‌സ്വാള്‍ രണ്ടാം ദിവസം സിക്‌സും ഫോറുമടിച്ചാണ് ഡബിള്‍ സെഞ്ചുറിയിലേക്കും എത്തിയത്.
എന്നാല്‍ വാഴ്‌ത്തിപ്പാട്ടുകാര്‍ക്ക് കനത്ത മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍. അമിതമായി പുകഴ്‌ത്തി യശസ്വി ജയ്സ്വാളിനെ ഇല്ലാതാക്കരുതെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്(Gautam Gambhir on Yashasvi Jaiswal).