ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരമായാണ് സൂപ്പര്‍ താരം വിരാട് കോലി അറിയപ്പെടുന്നത്. ദീര്‍ഘകാലമായി ക്രിക്കറ്റിലെ ടോപ് ബാറ്ററായ കോലി ശമ്പളം, മാച്ച് ഫീ, ഐപിഎൽ, മുൻനിര ബ്രാൻഡുകളുടെ പരസ്യം എന്നിവയിൽ നിന്ന് കോടിക്കണക്കിന് വരുമാനമാണ് നേടുന്നത്. എന്നാല്‍ ഒന്ന് നേരം ഇരുട്ടിവെളുത്തപ്പോഴേക്കും മറ്റൊരു മുന്‍ ഇന്ത്യന്‍ താരം കോലിയേക്കാള്‍ സമ്പന്നനായി. അതെങ്ങനെയെന്ന് നോക്കാം...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയാണ് (53) ഒറ്റ ദിവസം കൊണ്ട് സമ്പന്നനായത്. ദസറയോടനുബന്ധിച്ച് ജാംനഗറിലെ രാജകുടുംബം താരത്തെ തങ്ങളുടെ പിൻഗാമിയായി പ്രഖ്യാപിച്ചതോടെയാണ് ജഡേജയുടെ പുതിയ നിയോഗം. ജാംനഗറിന്‍റെ ഭാവി മഹാരാജാവായി ജഡേജയെ നിലവിലെ മഹാരാജാവ് ശത്രുസല്യസിംഹ്ജി ദിഗ്വിജയ് സിംഹ്ജി പ്രഖ്യാപിച്ചു.
റിപ്പോർട്ടുകൾ പ്രകാരം വിരാട് കോലിയുടെ ആസ്‌തി 1000 കോടി രൂപയാണ്. എന്നാല്‍ അജയ് ജഡേജ ജാം നഗറിന്‍റെ മഹാരാജാവായതോടെ താരത്തിന്‍റെ ആസ്‌തി1,450 കോടി രൂപയാകും. അതോടെ സിംഹാസനത്തിൽ കയറിയാൽ ജഡേജ ഏറ്റവും സമ്പന്നനായ ക്രിക്കറ്ററായും മാറും.
അജയ് ജഡേജയ്ക്ക് രാജകുടുംബവുമായുള്ള ബന്ധം
പഴയ നാട്ടുരാജ്യമായ ഗുജറാത്തിലെ നവനഗർ ഇപ്പോൾ ജാംനഗർ എന്നാണ് അറിയപ്പെടുന്നത്. രാജ്യത്ത് രാജവാഴ്‌ച അവസാനിച്ചിട്ടും ഗുജറാത്തിന്‍റെ ഈ ഭാഗത്ത് രാജകുടുംബത്തിന്‍റെ ഭരണം ഇപ്പോഴും തുടരുകയാണ്. അജയ് ജഡേജയും ജാംനഗറിലെ രാജകുടുംബത്തിൽ പെട്ടയാളായിരുന്നു. മഹാരാജ ശാസത്രുസല്യസിംഹ്ജി ജഡേജയുടെ അനന്തരവനായിരുന്നു അദ്ദേഹം. ജഡേജയുടെ അച്ഛന്‍റെ അര്‍ധ സഹോദരനാണ് നിലവിലെ മഹാരാജാവ്.