ബ്രിസ്‌ബേൻ: ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ എല്ലാ കണ്ണുകളും ഫോളോ ഓണും പിന്നാലെ തോൽവിയും പ്രതീക്ഷിച്ച സമയത്ത് ആകാശ്ദീപും ജസ്പ്രീത് ബുംറയും ഇന്ത്യയുടെ രക്ഷകരായി. ഇരുവരും ചേര്‍ന്ന് 39 റൺസ് കൂട്ടുകെട്ടുമായി മിന്നിയതോടെ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാലാം ദിനം വെളിച്ചക്കുറവു മൂലം മത്സരം നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ആകാശ്ദീപ് 27 റൺസുമായും ബുംറ 10 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നുണ്ട്. 54 പന്തിലാണ് ഇരുവരും 39 റൺസ് കൂട്ടിച്ചേർത്തത്. നിലവില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ (445) 193 റണ്‍സ് പിന്നിലാണ് ഇന്ത്യ.
നാലാം ദിനം കെ.എൽ രാഹുലും രവീന്ദ്ര ജഡേജയും തമ്മിലുള്ള അർധസെഞ്ചുറി കൂട്ടുകെട്ടാണ് കണ്ടത്. 139 പന്തിൽ 84 റൺസെടുത്ത രാഹുലിന്‍റെ ഇന്നിങ്സില്‍ 8 ഫോറുകളാണ് പിറന്നത്. അതേസമയം രവീന്ദ്ര ജഡേജ 7 ഫോറും 1 സിക്‌സും ഉൾപ്പെടെ 77 റൺസാണ് നേടിയത്.