മുംബൈ : ഇംഗ്ലണ്ടിനെതിരായ (India vs England) റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാനിയാണ് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ (Dhruv Jurel). ആദ്യ ഇന്നിങ്‌സില്‍ കൂട്ടത്തര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ സെഞ്ചുറിയേക്കാള്‍ വിലയുള്ള 90 റണ്‍സ് നേടിക്കൊണ്ടാണ് താരം ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ചുകൊണ്ടായിരുന്നു 23-കാരന്‍റെ വീരോചിത പോരാട്ടം.
ഇതിന് പിന്നാലെ ജുറെലിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും (Sunil Gavaskar ) ഉണ്ടായിരുന്നു. ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുമായി (MS Dhoni) അദ്ദേഹം ജുറെലിനെ താരതമ്യപ്പെടുത്തുകയും ചെയ്‌തു. മനസാന്നിധ്യം കാണുമ്പോൾ ധ്രുവ് ജുറെല്‍ അടുത്ത എംഎസ് ധോണിയാണെന്ന് തനിക്ക് തോന്നുന്നതായാണ് കമന്‍ററിക്കിടെ ഗവാസ്‌കര്‍ പറഞ്ഞത്.
ഇപ്പോഴിതാ തന്‍റെ വാക്കുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് 74-കാരന്‍. ജുറെലിന് ധോണിയാവന്‍ കഴിയില്ല. ധോണിയ്‌ക്ക് സമം ധോണി മാത്രമാണ്. മറ്റൊരു ധോണി ഇനി ഉണ്ടാകില്ലെന്നും, ധോണി തന്‍റെ കരിയറിൽ ചെയ്‌ത കാര്യങ്ങളുടെ ഒരു ചെറിയ ഭാഗം ജുറലിന് ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യന്‍ ടീമിന് അതു ഏറെ ഗുണം ചെയ്യുമെന്നുമാണ് ഗവാസ്‌കർ പറയുന്നത്.
ALSO READ: ന്യൂസിലന്‍ഡ് വീണു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക്