ധര്‍മ്മശാല:അന്താരാഷ്‌ട്ര ടെസ്റ്റ് കരിയറില്‍ ടീം ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയിരിക്കുകയാണ് കര്‍ണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍ (Devdutt Padikkal International Test Cricket Debut). കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യയുടെ വെറ്ററൻ ഓഫ് സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിനാണ് പടിക്കലിന് ടെസ്റ്റ് ക്യാപ്പ് കൈമാറിയത്. പരിക്കേറ്റ ബാറ്റര്‍ രജത് പടിദാറിന് (Rajat Patidar) പകരക്കാരനായാണ് പടിക്കല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചത് (India vs England 5th Test).
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് പടിദാറിന് പരിക്കേറ്റതെന്ന് ടോസിനിടെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയ പടിദാറിന് മൂന്ന് മത്സരങ്ങളിലെ ആറ് മത്സരങ്ങളില്‍ നിന്നും 63 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് പരിക്കും താരത്തിന് ടീമിലെ സ്ഥാനം നഷ്‌ടപ്പെടുത്തിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്‍പാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്. കെഎല്‍ രാഹുലിന്‍റെ പരിക്കില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ടീമിലേക്ക് താരത്തിന്‍റെ വരവ്. രാഹുലിന് പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാതെ വന്നതോടെ ശേഷിച്ച മത്സരങ്ങളും നഷ്‌ടമാകുകയായിരുന്നു.
രഞ്ജി ട്രോഫിയിലെ തകര്‍പ്പൻ പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിലേയ്‌ക്ക് എത്തിച്ചത്. ഈ സീസണില്‍ കര്‍ണാടയ്‌ക്കായി നാല് മത്സരം കളിച്ച പടിക്കല്‍ 92.66 ശരാശരിയില്‍ 556 റണ്‍സ് നേടി. മൂന്ന് സെഞ്ച്വറികളും താരത്തിന് നാല് മത്സരത്തില്‍ നിന്നും അടിച്ചെടുക്കാനും സാധിച്ചു.