ഡല്‍ഹി :തുടര്‍ച്ചയായ രണ്ടാം പതിപ്പിലും വനിത പ്രീമിയര്‍ ലീഗ് (WPL 2024) ഫൈനലിന് നേരിട്ട് യോഗ്യത നേടി ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals). ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‌സിനെ (Gujarat Giants) തോല്‍പ്പിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഡല്‍ഹിയുടെ മുന്നേറ്റം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയമാണ് ഡല്‍ഹി നേടിയത് (Gujarat Giants vs Delhi Capitals Result).
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ മലയാളി താരം മിന്നു മണി, ശിഖ പാണ്ഡെ, മരിസെയ്‌ൻ കാപ്പ് എന്നിവരുടെ പ്രകടനങ്ങളായിരുന്നു ഗുജറാത്തിനെ കുഞ്ഞൻ സ്കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി ഷഫാലി വര്‍മയുടെ 71 റണ്‍സ് മികവില്‍ 13.1 ഓവറില്‍ ലക്ഷ്യത്തിലേക്ക് എത്തി.
127 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഡല്‍ഹിയ്‌ക്ക് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്‌ടമായിരുന്നു. നാലാം ഓവറില്‍ മെഗ് ലാനിങ് (18), അലീസ് കാപ്‌സി (0) എന്നിവരെയാണ് ഡല്‍ഹിക്ക് നഷ്‌ടപ്പെട്ടത്. ഓവറിലെ ആദ്യ പന്തില്‍ ഡല്‍ഹി നായിക ലാനിങ് റണ്‍ഔട്ടായപ്പോള്‍ കാപ്‌സിയെ തനുജ കൻവാര്‍ പുറത്താക്കുകയായിരുന്നു.