ചാമ്പ്യന്മാരുടെ പകിട്ട്, കളത്തില്‍ തലയും പിള്ളേരും, മഞ്ഞക്കടലാകാൻ വീണ്ടും ചെപ്പോക്ക് ഒരുങ്ങുമ്പോള്‍ സിഎസ്‌കെയുടെ ലക്ഷ്യം ആറാം കിരീടം. 2022ല്‍ പോയിന്‍റ് പട്ടികയില്‍ ഒൻപതാം സ്ഥാനക്കാരായി തലകുനിച്ച് മടങ്ങിയ ചെന്നൈയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു കഴിഞ്ഞ ഐപിഎല്‍ സീസണ്‍. ആ കുതിപ്പ് ഇത്തവണയും ധോണിയും കൂട്ടരും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഈ സീസണോടെ എംഎസ് ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമോ? മുൻ മുൻ വര്‍ഷങ്ങളിലെ പോലെ ഇപ്രാവശ്യവും ഇതേകുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ തല ധോണിയുടെ മറുപടിയ്‌ക്കും അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിനുമായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ഐപിഎല്‍ പതിനേഴാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ആദ്യ എതിരാളികള്‍. മാര്‍ച്ച് 22ന് ചെപ്പോക്കിലാണ് ഈ മത്സരം അരങ്ങേറുന്നത്. ആറാം കിരീടം തേടിയുള്ള യാത്ര ആരംഭിക്കുമ്പോള്‍ അയല്‍ക്കാര്‍ക്കെതിരായ ആദ്യ മത്സരത്തില്‍ ജയം മാത്രമായിരിക്കും അവരുടെ ലക്ഷ്യം.
ധോണിയുടെ ചെന്നൈ:ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നാല്‍ ആരാധകര്‍ക്ക് അവരുടെ സ്വന്തം എംഎസ് ധോണി തന്നെയാണ്. ആദ്യ സീസണ്‍ മുതല്‍ തന്നെ ചെന്നൈയുടെ നായക കുപ്പായമണിഞ്ഞ താരം. 2022-ല്‍ ടീമിന്‍റെ ചുമതല രവീന്ദ്ര ജഡേജയെ ഏല്‍പ്പിച്ചെങ്കിലും തുടര്‍തോല്‍വികളില്‍ ടീം നട്ടം തിരിഞ്ഞതോടെ എംഎസ്‌ഡി വീണ്ടും നായകസ്ഥാനം ഏറ്റെടുത്തു. പിന്നാലെയായിരുന്നു കഴിഞ്ഞ വര്‍ഷം അവരുടെ അഞ്ചാം കിരീടനേട്ടം.
പ്രായം 42 പിന്നിട്ടെങ്കിലും ടീമില്‍ ഏറ്റവും കൂടുതല്‍ ഫിറ്റായ ഒരാള്‍ അത് ധോണിയാണ്. പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന പ്രകടനങ്ങള്‍ ധോണിയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ലഭിക്കുന്ന അവസരങ്ങളില്‍ അദ്ദേഹം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
2020ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഇന്നും ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരമാണ്. അതുകൊണ്ട് തന്നെ ചെപ്പോക്കിലേക്ക് ധോണി വീണ്ടുമെത്തുമ്പോള്‍ ഗാലറി മഞ്ഞക്കടലാകുമെന്ന് ഉറപ്പാണ്.
കളത്തിലിറങ്ങാൻ കരുത്തന്മാര്‍:പരിചയസമ്പന്നരും യുവതാരങ്ങളുമായ ഓള്‍റൗണ്ടര്‍മാരാകും ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ കരുത്ത്. രവീന്ദ്ര ജഡേജ, രചിൻ രവീന്ദ്ര, മൊയീൻ അലി ഇവരാണ് എതിരാളികളെ കറക്കി വീഴ്‌ത്താനും അടിച്ചുപറത്താനും കെല്‍പുള്ള ചെന്നൈയുടെ സ്‌പിൻ ഓള്‍റൗണ്ടര്‍മാര്‍. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രാജ്‌വര്‍ധൻ ഹംഗര്‍ഗേക്കര്‍ ടീമിന്‍റെ ശക്തിയാണ്. ഇവരെകൂടാതെ, പേസര്‍മാരായ ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവരും ബാറ്റ് കൊണ്ടും മികവ് കാട്ടാൻ പോന്നവരാണ്.
ബൗളിങ് ഡിപ്പാര്‍ട്‌മെന്‍റിലും സിഎസ്‌കെ ഇക്കുറി അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്. ദീപക് ചഹാര്‍ - ശര്‍ദുല്‍ താക്കൂര്‍ കോംബോ ഇടവേളയ്‌ക്ക് ശേഷം ചെന്നൈയ്‌ക്കായി കളത്തിലിറങ്ങും. കൂടാതെ, ബംഗ്ലാദേശ് പേസര്‍ മുസ്‌തഫിസുര്‍ റഹ്മാൻ, ശ്രീലങ്കൻ യുവതാരം മതീഷ പതിരണ എന്നിവരും. തുഷാര്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, സിമര്‍ജീത് സിങ് എന്നിവര്‍ ബെഞ്ചിന്‍റെ കരുത്തും കൂട്ടുന്നു.
ഇക്കാര്യങ്ങളില്‍ പണിപാളും:ഓപ്പണര്‍മാരെ അധികമായി ആശ്രയിക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഓപ്പണര്‍മാരായ ഡെവോണ്‍ കോൺവെയും റിതുരാജ് ഗെയ്‌ക്‌വാദും മികവിലേക്ക് ഉയരാതിരുന്ന സാഹചര്യങ്ങളില്‍ ചെന്നൈ സമ്മര്‍ദത്തിലായ കാഴ്‌ച കഴിഞ്ഞ സീസണില്‍ നാം പലകുറി കണ്ടതാണ്. പരിക്കേറ്റ കോണ്‍വെയ്‌ക്ക് സീസണിന്‍റെ ആദ്യഘട്ടം നഷ്‌ടമാകുമെന്നത് ടീമിന് ആശങ്കയാണ്. ഓപ്പണിങ് പൊസിഷനില്‍ കോണ്‍വെയുടെ വിടവ് നികത്താൻ ടീം മാനേജ്‌മെന്‍റ് എന്ത് തീരുമാനമാണ് സ്വീകരിക്കാൻ പോകുന്നത് എന്നറിയാൻ ആരാധകരും കാത്തിരിക്കുന്നു.
റിതുരാജ് ഗെയ്‌ക്‌വാദ് & ഡെവോണ്‍ കോണ്‍വെ ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, മൊയീൻ അലി ഉള്‍പ്പടെ മധ്യനിരയില്‍ മികവ് കാട്ടാൻ സാധിക്കുന്ന ഒരുപിടി യുവതാരങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. പേരുകേട്ട താരങ്ങള്‍ ആണെങ്കിലും ഇവരുടെ സ്ഥിരതയില്ലായ്‌മയും ഒരുപക്ഷെ ടീമിന് തിരിച്ചടിയായേക്കാം.
ഐപിഎല്ലില്‍ വരവറിയിക്കാൻ രചിൻ രവീന്ദ്ര: കഴിഞ്ഞ ഏകദിന ലോകകപ്പിലെ കണ്ടെത്തലായിരുന്നു ന്യൂസിന്‍ഡ് യുവതാരം രചിൻ രവീന്ദ്ര. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്നും 578 റണ്‍സ് അടിച്ച് കൂട്ടിയായിരുന്നു താരം മടങ്ങിയത്. ലോകകപ്പില്‍ തകര്‍പ്പൻ പ്രകടനം നടത്തിയ 24കാരനായ താരത്തെ 1.8 കോടി മുടക്കിയാണ് ചെന്നൈ കൂടാരത്തിലെത്തിച്ചത്.
കോണ്‍വെയുടെ അഭാവത്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഓപ്പണിങ് റോളില്‍ ബാറ്റ് വീശാനുള്ള കെല്‍പ്പ് രചിനുണ്ട്. ബാറ്റിങ്ങിനൊപ്പം സ്‌പിന്നിനെ തുണയ്‌ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ പന്തുകൊണ്ടും സംഭാവന നല്‍കാൻ കഴിവുള്ള താരമാണ് രചിൻ രവീന്ദ്ര.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ 2024 സ്ക്വാഡ്:എംഎസ് ധോണി (ക്യാപ്‌റ്റൻ), ഡെവോണ്‍ കോണ്‍വെ, റിതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ഷെയ്‌ക് റഷീദ്, സമീര്‍ റിസ്‌വി, അവനീഷ് റാവു അരവെല്ലി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍റ്‌നര്‍, മൊയീൻ അലി, ശിവം ദുബെ, നിഷാന്ത് സിന്ദു, അജയ് മണ്ഡല്‍, രചിൻ രവീന്ദ്ര, ശര്‍ദുല്‍ താക്കൂര്‍, ഡാരില്‍ മിച്ചല്‍, രാജ്‌വര്‍ധൻ ഹംഗര്‍ഗേക്കര്‍, ദീപക് ചഹാര്‍, മഹീഷ് തീക്ഷ്‌ണ, മുകേഷ് ചൗധരി, മുസ്‌തഫിസുര്‍ റഹ്മാൻ, പ്രശാന്ത് സോളങ്കി, തുഷാര്‍ ദേശ്‌പാണ്ഡെ, മതീഷ പതിരണ.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യഘട്ട മത്സരക്രമം
- മാര്‍ച്ച് 22 - ചെന്നൈ സൂപ്പര്‍ കിങ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (MA Chidambaram Stadium, Chennai)
- മാര്‍ച്ച് 26 - ചെന്നൈ സൂപ്പര്‍ കിങ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് (MA Chidambaram Stadium, Chennai)
- മാര്‍ച്ച് 31 - ഡല്‍ഹി കാപിറ്റല്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ് (Dr YS Rajasekhara Reddy ACA-VDCA Cricket Stadium, Visakhapatnam)
- ഏപ്രില്‍ 05 - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ് (Rajiv Gandhi International Stadium, Hyderabad)