ലണ്ടന്‍: യുവേഫാ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യ ഘട്ട പോരാട്ടങ്ങൾക്ക് ആവേശത്തുടക്കം. ഇന്നലെ നടന്ന മത്സരങ്ങളില്‍ യുവന്‍റസ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, സ്‌പോർട്ടിങ്, ആസ്റ്റൺവില്ല, ലിവർപൂൾ ടീമുകള്‍ക്ക് വിജയം. ക്രൊയേഷ്യൻ ക്ലബ് ഡൈനമോ സാഗ്രെബിനെതിരെ രണ്ടിനെതിരെ ഒമ്പത് ഗോളുകൾക്കാണ് ബയേൺ മ്യുണിക് വിജയിച്ചത്.
ഹാരി കെയിനിന്‍റെ ഗോളടി മേളത്തിലാണ് ബയേണിന്‍റെ ഉജ്വല ജയം. 19,57,73,78 മിനുട്ടുകളിലായിരുന്നു ഹാരിയുടെ ഗോളുകൾ പിറന്നത്. മൂന്നെണ്ണം പെനാൽറ്റിയിൽനിന്നായിരുന്നു ഗോൾ നേടിയത്. റാഫേൽ ഗുറേരിയോ, മിഖയേൽ ഒലിസെ, ലിറോ സനെ, ലിയോൺ ഗൊരട്‌സ്‌ക എന്നിവരാണ് ബയേണിനായി ഗോൾ നേടിയ മറ്റു താരങ്ങൾ. സഗ്രിബിനായി ബ്രൂണോ പെറ്റ്‌കോവിച്ച് (48), ടകുയ ഒഗിവാര (50) എന്നിവരായിരുന്നു ഗോളടിച്ചത്.
ആദ്യ മത്സരത്തില്‍ യുവന്‍റസ് 3-1 എന്ന സ്‌കോറിന് പി.എസ്.വി ഐന്തോവനെ പരാജയപ്പെടുത്തി. യുവന്‍റസ് താരം കെനാൻ യിൽദിസായിരുന്നു പുതിയ സീസണിലെ ആദ്യ ഗോൾ സ്‌കോർ ചെയ്‌തത്.വെട്‌സൺ മെക്കന്നീ, നിക്കോളാസ് ഗോൺസാലസ് എന്നിവരും യുവന്‍റസിനായി ഗോള്‍ വല കുലുക്കി. ആസ്റ്റൺവില്ല എതിരില്ലാത്ത മൂന്ന് ഗോളിന് യങ്‌ബോയ്‌സിനെ പരാജയപ്പെടുത്തി. യോറി ടെയ്ൽ മെൻസ് (27), ജേക്കബ് റാംസി (38), അമാൻഡോ ഒനാന (86) എന്നിവരായിരുന്നു വില്ലക്കായി ഗോളുകൾ നേടിയത്.