ബെംഗളൂരു: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന് മഴയെ തുടര്‍ന്ന് കളി നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് നാല് പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്.
നാലാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യയുടെ സർഫറാസ് ഖാനും ഋഷഭ് പന്തും മിന്നുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്. ന്യൂസിലൻഡിന്‍റെ 356 റൺസിന്‍റെ ലീഡ് തികച്ച ഇന്ത്യ കിവീസിന് മികച്ച വിജയലക്ഷ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടെസ്റ്റിൽ കന്നിസെഞ്ചറിയുമായി സർഫറാസ് തിളങ്ങി. നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്‌സറും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്‍റെ ബാറ്റിങ്.
എന്നാൽ സർഫറാസ് ഖാന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ ഋഷഭ് പന്തിനും ഒരു റണ്‍ ബാക്കിനില്‍ക്കെ സെഞ്ച്വറി നഷ്ടമായി. താരം 99 റൺസിനാണ് പുറത്തായത്. സർഫറാസ് ഖാൻ പുറത്താകുമ്പോൾ ഇന്ത്യ 60 റൺസിന്‍റെ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീട് ടീമിന് 37 റൺസ് മാത്രമേ എടുക്കാനായുള്ളൂ. കെ.എൽ.രാഹുൽ (12), രവീന്ദ്ര ജഡേജ (5), ആർ.അശ്വിൻ (14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.