കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കരുത്തരായ ബെംഗളൂരു എഫ്.സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. സ്വന്തം തട്ടകത്തില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ അപരാജിതമായി മുന്നേറുന്ന ബെംഗളൂരുവിനെ തളക്കുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ഒരു മാസത്തിന് ശേഷമാണ് കൊച്ചിയിലേക്ക് ഐ.എസ്.എല്‍ മത്സരമെത്തുന്നത്. പട്ടികയില്‍ 13 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് വരുന്നത്. എന്നാല്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
പ്രതിരോധത്തിലെ പിഴവ് തീര്‍ത്തായിരിക്കും മഞ്ഞപ്പട ഇന്ന് ബെംഗളൂരുവിനെ നേരിടുക. അഡ്രിയാന്‍ ലൂണ- നോഹ സദോയി കൂട്ടുക്കെട്ട് ബ്ലാസ്‌റ്റേഴ്‌സിന് കൂടുതല്‍ കരുത്താകും. മുഹമ്മദന്‍സിനെതിരേ പകരക്കാരനായി ഇറങ്ങി ഗോള്‍നേടിയ ക്വാമി പെപ്രയും പ്രതീക്ഷാ താരമാണ്. മുഹമ്മദന്‍സിനെതിരായ മത്സരത്തില്‍ ഗോള്‍കീപ്പര്‍ സോം കുമാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മധ്യനിരയിലും മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് കോച്ച് മൈക്കിള്‍ സ്റ്റാറെ നല്‍കുന്ന സൂചന.
ആദ്യമത്സരത്തില്‍ പഞ്ചാബ് എഫ്.സിക്ക് മുന്നില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ ശ്രമിച്ചു. തുടര്‍ച്ചയായ മൂന്ന് എവേ മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ടീം കൊച്ചിയിലേക്ക് വരുന്നത്. അവസാന ഹോം മത്സരത്തില്‍ 2- 1ന് ഈസ്റ്റ് ബെംഗാളിനെ തകര്‍ത്തിരുന്നു. മുഹമ്മദന്‍സിനെതിരായ അവസാന മത്സരത്തില്‍ വന്‍ തിരിച്ചവരവ് നടത്തിയ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ബെംഗളൂരുവിനെ തകര്‍ക്കുമെന്നാണ് പ്രതീക്ഷ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലീഗിലെ ടോപ് സ്‌കോററായ സുനില്‍ ഛേത്രി തന്നെയാണ് ബെംഗളൂരു എഫ്.സിയുടെ ശക്തി. ഇന്നത്തെ കളിയില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഡീഗോ മൗറീസിയോയ്‌ക്കൊപ്പം ഛേത്രി പങ്കിടും. ഇരുടീമുകളും 15 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് നാല് ജയം മാത്രമായിരുന്നു. ഒന്‍പതിലും ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. രണ്ടു കളി സമനിലയില്‍ പിരിഞ്ഞു. ബെംഗളൂരു ഇരുപത്തിനാല് ഗോള്‍നേടിയപ്പോള്‍ പതിനാറ് ഗോളാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തിരിച്ചടിച്ചത്. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ജിയോ സിനിമ ആപ്പിലും സ്പോർട്സ് 18 ചാനലിലും തൽസമയം മത്സരം കാണാം.