മുംബൈ :ബിസിസിഐ വാർഷിക കരാർ (BCCI Central Contracts) പട്ടിക പുറത്തുവന്നത് മുതല്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പേരുകളാണ് യുവതാരങ്ങളായ ഇഷാന്‍ കിഷന്‍ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടേത്. സമീപകാലത്ത് ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥിരക്കാരായിരുന്നുവെങ്കിലും പുതിയ കരാറില്‍ നിന്നും ബിസിസിഐ ഇരുവരുയും വെട്ടുകയായിരുന്നു. ഇതിന്‍റെ കാരണം ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള കര്‍ശന നിര്‍ദേശം ലംഘിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് 25-കാരനായ ഇഷാന്‍റേയും 29-കാരനായ ശ്രേയസിന്‍റെയും പുറത്താവല്‍ എന്നത് ശ്രദ്ധേയമാണ്. ഇരു താരങ്ങള്‍ക്കും ഇനി ബിസിസിഐ കരാര്‍ ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇഷാനും ശ്രേയസിനും ബിസിസിഐ കരാര്‍ തിരികെ ലഭിക്കാന്‍ അവസരമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍.
ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കരാര്‍ തിരികെ ലഭിക്കാന്‍ ഇരുവരും നിര്‍ദേശങ്ങള്‍ പാലിക്കുകയും ഇന്ത്യന്‍ ടീമിനായി നിശ്ചിത എണ്ണം മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടെന്നുമാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...
"സെലക്‌ടര്‍മാര്‍ ശ്രേയസിന്‍റേയും ഇഷാന്‍ കിഷന്‍റേയും കഴിവിനെ സംശയിക്കുന്നില്ല. എന്നാൽ ഫിറ്റാണ് എന്‍സിഎ പറയുന്നവര്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങാതിരിക്കുകയാണെങ്കില്‍ അവര്‍ക്ക് എങ്ങനെയാണ് കരാര്‍ നല്‍കാന്‍ കഴിയുക. ഐപിഎല്ലിന് ശേഷം, അവർ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രോ-റാറ്റ കരാറിന് ആവശ്യമായ മത്സരങ്ങളുടെ എണ്ണത്തിന്‍റെ മാനദണ്ഡം പാലിക്കുകയും ചെയ്‌താൽ, അവർക്ക് കരാർ തിരികെ ലഭിക്കുന്നതിന് മറ്റുതടസങ്ങളില്ല" - ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.