ന്യൂഡല്‍ഹി:ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പുരുഷ താരങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ ചാകര. ഇംഗ്ലണ്ടിനെതിരായ പരമ്പര (India vs England Test) വിജയത്തിന് കളിക്കാര്‍ക്ക് ഇരട്ടി മധുരം നല്‍കുന്ന പ്രഖ്യാപനവുമായി ബിസിസിഐ (BCCI). കളിക്കാരെ ടെസ്റ്റിലിറങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സുപ്രധാന പദ്ധതിയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
വര്‍ഷത്തില്‍ കളിക്കുന്ന ടെസ്റ്റുകള്‍ക്ക് അനുസൃതമായി മാച്ച് ഫീയ്‌ക്ക് പുറമെ അധിക പ്രതിഫലം നല്‍കുന്ന പദ്ധതിയ്‌ക്ക് "ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്‍റീവ് സ്‌കീം - Test Cricket Incentive Scheme" എന്നാണ് ബിസിസിഐ പേരിട്ടിരിക്കുന്നത്. നിലവില്‍ ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്കും കളിക്കാര്‍ക്ക് 15 ലക്ഷം രൂപയാണ് ബിസിസിഐ മാച്ച് ഫീ നൽകുന്നത്. പുതിയ പദ്ധതി പ്രകാരം ഇന്ത്യയ്ക്കായി ഒരു സീസണിൽ അന്‍പതോ അതില്‍ അധികമോ ശതമാനം ടെസ്റ്റ് കളിക്കുന്നവര്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക.
ഒരു സീസണിൽ കുറഞ്ഞത് ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ എന്നതിനെ അടിസ്ഥാനമാക്കിയുള്ള കണക്ക് ഇങ്ങനെ. ഏഴോ അതില്‍ അധികമോ (75 ശതമാനത്തിലധികം ടെസ്റ്റുകൾ) മത്സരങ്ങള്‍ കളിക്കുന്ന ഒരു താരത്തിന് ഒരു ടെസ്റ്റിന് 45 ലക്ഷം രൂപ വീതമാണ് അധികമായി ലഭിക്കുക.
ഇനി കളിക്കാന്‍ കഴിയാതിരാന്നാലും താരങ്ങള്‍ക്ക് നിരാശരാവേണ്ടി വരില്ല. സ്‌ക്വാഡിലുള്‍പ്പെടുന്നവര്‍ക്ക് 22.5 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും ലഭിക്കുക. സീസണില്‍ അഞ്ച് അല്ലെങ്കില്‍ ആറ് (50 ശതമാനത്തിന് മുകളില്‍ മത്സരങ്ങള്‍) കളിക്കുന്ന ഒരു കളിക്കാരന് 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും അധികം കിട്ടുക.
സ്‌ക്വാഡിന്‍റെ ഭാഗം മാത്രമാവുന്ന താരത്തിനും 15 ലക്ഷം കിട്ടും. ഇതില്‍ കുറവ് മത്സരങ്ങള്‍ കളിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കില്ല. പുതിയ പദ്ധതി 2022-23 സീസൺ മുതല്‍ക്കാണ് പ്രാബല്യത്തിൽ വരുന്നത്. പദ്ധതിക്കായി ഓരോ സീസണിലും 40 കോടി രൂപ അധികമായി ബിസിസിഐ അനുവദിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് (Jay Shah) പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ:റൺസൊഴുകാതെ 'ബെൻ ബാറ്റ്'...തോല്‍വിയില്‍ തലകുനിച്ച് നായകൻ സ്റ്റോക്‌സും...
അതേസമയം താരങ്ങളെ ടെസ്റ്റ് കളിക്കുന്നതിന് പ്രോത്‌സാഹിപ്പിക്കുന്നതിനായി ബിസിസിഐ പദ്ധതി തയ്യാറാക്കുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കളിക്കാര്‍ റെഡ് ബോള്‍ ക്രിക്കറ്റിന് പ്രധാന്യം നല്‍കി ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രവണതയ്‌ക്ക് എതിരെ ബിസിസിഐ പരസ്യമായി തന്നെ രംഗത്ത് എത്തുകയും ചെയ്‌തിരുന്നു. നിര്‍ദേശം അനുസരിക്കാതെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മാറി നിന്ന ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ കരാര്‍ റദ്ദാക്കിക്കൊണ്ടായിരുന്നുവിത്.