ബാഴ്‌സലോണ: ഹാൻസി ഫ്ലിക്കിന് കീഴില്‍ ജൈത്രയാത്ര തുടര്‍ന്ന് സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. സ്‌പാനിഷ് ലാ ലിഗയില്‍ നാലാം മത്സരത്തിനിറങ്ങിയ ബാഴ്‌സ റയല്‍ വയാദോളിഡിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തെറിഞ്ഞത്. ബ്രസീലിയൻ താരം റാഫീഞ്ഞയുടെ ഹാട്രിക് മികവിലായിരുന്നു ലീഗില്‍ കാറ്റാലൻ ക്ലബിന്‍റെ നാലാം ജയം.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവൻഡോസ്‌കി, ജ്യൂല്‍ കുൻഡെ, ഡാനി ഒല്‍മോ, ഫെറാൻ ടോറസ് എന്നിവരായിരുന്നു ബാഴ്‌സലോണയുടെ മറ്റ് ഗോള്‍ സ്കോറര്‍മാര്‍. ഹോം ഗ്രൗണ്ടായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വയാദോളിഡിനെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമായിരുന്നു ബാഴ്‌സ നടത്തിയത്. മത്സരത്തിന്‍റെ ഒരുഘട്ടത്തില്‍ പോലും സന്ദര്‍ശകര്‍ക്ക് ആതിഥേയര്‍ക്കുമേല്‍ വെല്ലുവിളിയുയര്‍ത്താനായിരുന്നില്ല.
മത്സരത്തിന്‍റെ 20 മിനിറ്റിലാണ് ബാഴ്‌സലോണ ഗോള്‍വേട്ട ആരംഭിച്ചത്. റാഫീഞ്ഞയായിരുന്നു ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ കുര്‍ബാസിയുടെ അസിസ്റ്റില്‍ നിന്നും ബ്രസീലിയൻ സ്ട്രൈക്കര്‍ എതിര്‍ വലയില്‍ പന്തെത്തിക്കുകയായിരുന്നു.