കേരളം

kerala

ETV Bharat / sports

വിക്കറ്റ് കീപ്പിങ് അത്ര മോശമല്ല ; ഭരത്തിന്‍റെ കാര്യത്തില്‍ ക്ഷമ കാണിക്കണമെന്ന് ആകാശ് ചോപ്ര - ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ്‌ ഭരത്തിനെ ഇന്ത്യന്‍ മാനേജ്‌മെന്‍റ് കളിപ്പിക്കണമെന്ന് മുന്‍ താരം ആകാശ് ചോപ്ര.

Dhruv Jurel  KS Bharat  India vs England  ആകാശ് ചോപ്ര  കെഎസ്‌ ഭരത്
Aakash Chopra wants KS Bharat to play India vs England 3rd Test

By ETV Bharat Kerala Team

Published : Feb 13, 2024, 4:31 PM IST

മുംബൈ :റിഷഭ്‌ പന്തിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പറായെത്തിയ താരമാണ് കെഎസ് ഭരത് (KS Bharat). വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായെങ്കിലും ബാറ്റിങ്ങില്‍ 30-കാരന്‍ തീര്‍ത്തും നിറം മങ്ങി. കഴിഞ്ഞ വർഷത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാഗ്പൂരിലായിരുന്നു ഭരത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നും 20.09 ശരാശരിയിൽ 221 റൺസ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.

ഇതേവരെ ഒരു അര്‍ധ സെഞ്ചുറി കണ്ടെത്താന്‍ പോലും ഭരത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ (India vs England) താരത്തിനെ പുറത്തിരുത്തി യുവ താരം ധ്രുവ് ജുറൈലിന് (Dhruv Jurel) അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് സംസാരം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര. ഭരത്തിന്‍റെ കാര്യത്തില്‍ ടീം മാനേജ്‌മെന്‍റ് ഒരല്‍പം ക്ഷമകാണിക്കണമെന്നാണ് ആകാശ് ചോപ്ര (Aakash Chopra) പറയുന്നത്.

വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കേണ്ടത് വിക്കറ്റ് കീപ്പിങ് കഴിവുകളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "രാജ്‌കോട്ടില്‍ ധ്രുവ് ജുറെലിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. അത് ശരിയോ തെറ്റോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നിങ്ങൾ എന്നോട് വ്യക്തിപരമായി ചോദിച്ചാൽ, കെഎസ് ഭരത്തിനെ ആദ്യം വിലയിരുത്തേണ്ടത് അവന്‍റെ വിക്കറ്റ് കീപ്പിങ് കഴിവിനെ അടിസ്ഥാനമാക്കിയാണ്.

നമ്മള്‍ കണ്ടിടത്തോളം അതത്ര മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് പ്രയാസകരമായ പിച്ചുകളാണ്. അതിനാലാണ് കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കില്ലെന്നും ഒരു സ്പെഷ്യലിസ്റ്റിനെയാണ് തല്‍സ്ഥാനത്തേക്ക് വേണ്ടതെന്നും മാനേജ്‌മെന്‍റ് പറഞ്ഞത്. ആ സ്പെഷ്യലിസ്റ്റ് കീപ്പറുടെ റോളിൽ, അവൻ തന്‍റെ കടമ നിറവേറ്റുന്നുണ്ട്.

ഹൈദരാബാദിൽ രണ്ട് ഇന്നിങ്‌സിലും അവന്‍ നന്നായി കളിച്ചു. വാസ്തവത്തിൽ, രണ്ടാം ഇന്നിങ്‌സില്‍ അവന്‍ കുറച്ച് സമയം കൂടി ബാറ്റ് ചെയ്തിരുന്നെങ്കിൽ, ഇന്ത്യ മത്സരത്തിൽ വിജയിക്കുമായിരുന്നു. രാജ്‌കോട്ടിലും അവന്‍ കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു വിക്കറ്റ് കീപ്പറെ, വിക്കറ്റ് കീപ്പറായി തന്നെ കാണണം. ജഡേജ തിരിച്ചെത്തിയാൽ നിങ്ങൾക്ക് മൂന്ന് സ്പിന്നർമാരുണ്ട്, അവര്‍ മൂന്ന് പേരും തന്നെ ബാറ്റുചെയ്യാന്‍ കഴിവുള്ളവരാണ്"- ആകാശ് ചോപ്ര പറഞ്ഞു.

ALSO READ: അവന്‍റെ പ്രായം 20 വയസല്ല; ഭരത്തിനെ ഇനിയും പിന്തുണയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മഞ്ജരേക്കര്‍

മാനേജ്‌മെന്‍റ് ക്ഷമ കാണിക്കണം :"മാനേജ്‌മെന്‍റിന് കെഎസ് ഭരത്തില്‍ ഇത്ര പെട്ടെന്ന് ആത്മവിശ്വാസം നഷ്‌ടപ്പെട്ടാല്‍ അതെന്നെ നിരാശനാക്കും. നേരത്തെ അത്തരം ഒരു കാര്യം ഉണ്ടായിട്ടുണ്ട്. അവൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചു.

പിന്നീട് വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയപ്പോള്‍ അവനെ മാറ്റി നിര്‍ത്തി. അവിടെ ഇഷാന്‍ കിഷനെയാണ് വിക്കറ്റ് കീപ്പറായി കളിപ്പിച്ചത്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായത് മുതല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് തുടർച്ചയുടെ അഭാവമുണ്ട്. അതിനാൽ ഭരത്തിന്‍റെ കാര്യത്തില്‍ മാനേജ്‌മെന്‍റ് അൽപ്പം ക്ഷമ കാണിക്കണമെന്നാണ് ഞാൻ കരുതുന്നത്.

ALSO READ: ഐപിഎല്ലില്‍ രാഹുല്‍ ചെയ്യേണ്ടത് ഇതാണ്...; നിര്‍ദേശവുമായി ഇര്‍ഫാന്‍ പഠാന്‍

ഭരത്തിന് കുറഞ്ഞത് ഒരു ടെസ്റ്റെങ്കിലും നല്‍കണം. അഞ്ച് ടെസ്റ്റുകളിലും അവന്‍ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബാറ്റിങ് അത്രയ്‌ക്ക് പ്രധാനമാണെങ്കില്‍ കുറഞ്ഞത് ഒരു മത്സരമെങ്കിലും നൽകൂ"- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details