മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 17-ാം പതിപ്പിന് (IPL 2024) തിരശ്ശീല ഉയരാന്‍ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനകം തന്നെ ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര.
മുംബൈ ഇന്ത്യന്‍സിന്‍റെ രോഹിത് ശര്‍മ (Rohit Sharma)- ഇഷാന്‍ കിഷന്‍ (Ishan Kishan), റോയല്‍ ചലഞ്ചേഴ്‌സിന്‍റെ വിരാട് കോലി (Virat Kohli)- ഫാഫ് ഡുപ്ലെസിസ് (Faf du Plessis) എന്നീ ജോഡികളെ ഒന്നുമല്ല ഇന്ത്യയുടെ മുന്‍ താരം തെരഞ്ഞെടുത്തിരിക്കുന്നത്. അത് രാജസ്ഥാന്‍ റോയല്‍സിന്‍റെ ( Rajasthan Royals) യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണെന്നാണ് ആകാശ് ചോപ്ര (Aakash Chopra) പറയുന്നത്.
"രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്‌സ്വാള്‍ ( Yashasvi Jaiswal)- ജോസ് ബട്‌ലര്‍ (Jos Buttler) ഓപ്പണിങ് ജോഡി ഏറെ അതിശയകരമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഐപിഎല്ലിലെ ഒന്നാം നമ്പര്‍ ഓപ്പണര്‍മാരായി അവര്‍ മാറിയേക്കാം. യശസ്വിയുടെ നിലവിലെ മിന്നും ഫോമാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്.
സീസണില്‍ അവന്‍ 600-ല്‍ അധികം റണ്‍സ് നേടുമെന്നാണ് എനിക്ക് തോന്നുന്നത്. വലിയ ആത്മവിശ്വാസത്തോടെയാണ് അവന്‍ ടൂര്‍ണമെന്‍റിന് ഇറങ്ങുന്നത്. അത് തീര്‍ച്ചയായും റണ്‍വേട്ടയില്‍ അവന് മുതല്‍ക്കൂട്ടാവും. കഴിഞ്ഞ വര്‍ഷവും അവന്‍ മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ പക്വതയോടെ അവനതിന് കഴിയും.
യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ബട്‌ലറെ സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ തീര്‍ത്തും സാധാരണമായിരുന്നു. എന്നാല്‍ അതിന് ശേഷം ദക്ഷിണാഫ്രിക്കയിലെ എസ്‌എ20-യില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. എപ്പോഴും തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന ഒരു താരമല്ല ബട്‌ലര്‍"- ആകാശ് ചോപ്ര പറഞ്ഞു.
ടൂര്‍ണമെന്‍റില്‍ വലിയ സ്വധീനമുണ്ടാക്കാന്‍ കഴിയുന്ന മറ്റൊരു സഖ്യമാണ് ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ഡെവോൺ കോൺവെയും (Devom Conway) റിതുരാജ് ഗെയ്‌ക്‌വാദുമെന്നും ( Ruturaj Gaikwad) ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. "ഐപിഎല്ലിലെ രണ്ടാമത്തെ മികച്ച ജോഡി കോണ്‍വെയും റിതുരാജുമാണ്. മികച്ച സ്ഥിരതയോടെ കളിക്കുന്ന താരങ്ങളാണവര്‍" - ആകാശ് ചോപ്ര പറഞ്ഞു.
എന്നാല്‍ പരിക്കിന്‍റെ പിടിയിലുള്ള കോണ്‍വെയ്‌ക്ക് ഐപിഎല്ലിന്‍റെ ഭൂരിഭാഗം മത്സരങ്ങളും നഷ്‌ടമാവുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് കിവീസ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുന്ന താരം എട്ട് ആഴ്‌ചയോളം കളത്തിന് പുറത്തിരിക്കേണ്ടി വന്നേക്കും. ഇതോടെ റിതുരാജിനൊപ്പം മറ്റൊരു താരത്തെ ചെന്നൈക്ക് ഓപ്പണിങ്ങിന് ഇറക്കേണ്ടി വരും.
ALSO READ: ആരാധകര്‍ക്ക് വമ്പന്‍ കോള് ; ടി20 ലോകകപ്പ് മൊബൈലില്‍ ഫ്രീ ആയി കാണാം
അതേസമയം മാര്‍ച്ച് 22നാണ് ഐപിഎല്‍ 2024-ന് തുടക്കമാവുന്നത്. രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ അരങ്ങേറുന്നത്. ആദ്യ 15 ദിവസങ്ങളിലുള്ള മത്സരങ്ങളുടെ ക്രമമാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.