അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടത്താന്‍ നിശ്ചയിച്ച ചാമ്പ്യൻസ് ട്രോഫി സംബന്ധിച്ച് വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. മത്സരത്തില്‍ പങ്കെടുക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാനുള്ള സാധ്യതയില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിരുന്നു. സാഹചര്യങ്ങൾ മാറിയതോടെ ടൂർണമെന്‍റിന്‍റെ നടത്തിപ്പും സംശയാസ്പദമായി മാറി. ഒടുവിൽ എന്ത് സംഭവിക്കുമെന്ന് ലോക ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
‘ഹൈബ്രിഡ് മോഡലിൽ’ ടൂർണമെന്‍റ് സംഘടിപ്പിക്കാൻ ഉദ്ദേശമില്ലെന്നും ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരണമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഹൈബ്രിഡ് മോഡൽ അംഗീകരിച്ചാൽ ശ്രീലങ്ക, ദുബായ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഒന്നില്‍ ഇന്ത്യ കളിക്കുന്ന മത്സരങ്ങൾ നടക്കാന്‍ സാധ്യതയുണ്ട്.
ഹൈബ്രിഡ് മോഡൽ നിർദ്ദേശം പാകിസ്ഥാൻ ഇതിനകം നിരസിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ടൂർണമെന്‍റിൽ നിന്ന് പിന്‍വാങ്ങാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാകിസ്ഥാൻ കർശന നിലപാട് തുടർന്നാൽ ബിസിസിഐ ടൂർണമെന്‍റ് ഏറ്റെടുക്കാനാണ് സാധ്യത. 2025ലെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ വൃത്തങ്ങളിൽ ചർച്ചകൾ നടന്നതായാണ് സൂചന. എന്നാൽ ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ഇതുവരെ ഒന്നും തീരുമാനമായില്ലെന്നാണ് വിവരം.