തിരുവനന്തപുരം:മന്‍മോഹന്‍ സിങിന്‍റെ ആഗോള വത്കൃത, ഉദാരവത്കൃത, സ്വകാര്യ വത്കൃത നയങ്ങളെ അതി നിശിതമായി വിമര്‍ശിക്കുന്ന ഇടതു പക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ സ്വകാര്യ മേഖലയ്ക്ക് ചുവപ്പു പരവതാനി വിരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
1990 കകളിലെ രാജ്യത്തെ രൂക്ഷമായ ധന പ്രതിസന്ധി മറികടക്കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്‍റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങാണ് ഈ ഒരു നയം മാറ്റത്തിലേക്ക് കോണ്‍ഗ്രസിനെ കൂട്ടിക്കൊണ്ടു പോയത്. സമാന സാഹചര്യമാണ് ഇന്ന് കേരളം നേരിടുന്നതെന്ന കണക്കു കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് ഇടതു സര്‍ക്കാരിന്‍റെ ഈ നയം മാറ്റം എന്നത് വ്യക്തം(Kerala Budget Plan B For Privatization).
കേരളം നേരിടുന്ന കടുത്ത കേന്ദ്ര അവഗണനയും ധന സ്ഥിതി കേന്ദ്രീകരണത്തിലേക്കുള്ള കേന്ദ്ര നയവും തുടരുന്ന സാഹചര്യത്തില്‍ നമുക്ക് ഒരു പ്ലാന്‍ ബി ആലോചിക്കേണ്ടി വരും എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുന്നതിനെ ഇതു മായി കൂട്ടി വായിക്കേണ്ടി വരും. സംസ്ഥാനം ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു വെട്ടിക്കുറവും വരുത്താന്‍ നമ്മള്‍ തയ്യാറല്ലെന്ന് ധനമന്ത്രി പറയുന്നു. വികന പ്രവര്‍ത്തനങ്ങളിലും ഈ ഘട്ടത്തില്‍ സര്‍ക്കാരിനു പുറകോട്ടു പോകാനാകില്ല. എന്തു വില കൊടുത്തും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരണം, തുടരും. പ്ലാന്‍-ബിയെ കുറിച്ച് നിര്‍ദ്ദേശങ്ങളും ആലോചനകളും ഉണ്ടാകുന്നുണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്‍റെ വികസനത്തില്‍ കുതിച്ചു ചാട്ടമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതി ഉടനടി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അവിടെ നിന്ന് പ്ലാന്‍ ബിക്ക് തുടക്കം കുറിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യ മേഖല മാത്രമായും വിഴിഞ്ഞത്ത് വികസനം സാധ്യ മാക്കേണ്ടതുണ്ട്. ഇതിനുവേണ്ടി നിമയ നിര്‍മാണങ്ങള്‍ നടത്തുകയും വേണം.
ടൗണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സംഭരണ ശാലകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അടുത്ത മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ കുറഞ്ഞത് 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.
വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ടൂറിസം മേഖലയിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍, കൊച്ചിയിലും പാലക്കാട്ടും കണ്ണൂരും സ്ഥലം ഏറ്റെടുത്തിട്ടുള്ള വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ഐടി, ഐടി അധിഷ്‌ഠിത മേഖലയുടെ വികസനം എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യ മേഖല കൂടി ചേരുമ്പോഴാണ് സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ കഴിയുന്നത്
എന്നും 1957 ലെ ഇഎംഎസ് സര്‍ക്കാരിന്‍റെ കാലത്തും ഇത്തരത്തിലൊരു നയം ഇടതു മുന്നണി സ്വീകരിച്ചിരുന്നു എന്നു പറഞ്ഞാണ് ഇപ്പോഴത്തെ നയം മാറ്റത്തെ ധനമന്ത്രി ന്യായീകരിക്കുന്നതെന്നതു ശ്രദ്ധേയമാണ്.