ഹൈദരാബാദ് :ഇന്ന് ജൂൺ അഞ്ച്, ലോക പരിസ്ഥിതി ദിനം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്‍റെ ആശയം ഭൂമിയെ വീണ്ടെടുക്കുക, മരുവത്‌കരണവും വരള്‍ച്ചയും പ്രതിരോധിക്കുക (Land Restoration, Desertification, and Drought Resilience) എന്നതാണ്. നമ്മുടെ ഭൂമി, നമ്മുടെ ഭാവി (Our Land, Our Future) എന്ന മുദ്രാവാക്യവും പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിട്ടുണ്ട്.
സൗദി അറേബ്യയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ ആതിഥേയന്‍. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക പരിസ്ഥിതി സംരക്ഷിക്കാനുളള നടപടിയെടുക്കാന്‍ ജനങ്ങളെയും സർക്കാരിനെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോകപരിസ്ഥിതി ദിനത്തിന്‍റെ പ്രധാന ലക്ഷ്യം.
ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരമാണ് എല്ലാ വര്‍ഷവും ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്‍റ് പ്രോഗ്രാം(യുഎന്‍ഇപി) ആണ് അന്താരഷ്‌ട്രതലത്തില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നത്. 1973 ജൂണ്‍ അഞ്ച് മുതലാണ് പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങുന്നത്.
ഈ വര്‍ഷത്തെ പ്രധാന ആശയങ്ങള്‍
മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും സുഖകരമായി ജീവിക്കാന്‍ പറ്റുന്ന രീതിയില്‍ ഭൂപ്രകൃതിയെ പുനരുദ്ധാരണം ചെയ്യുന്നതിനെയാണ് ഭൂമിയെ വീണ്ടെടുക്കുക (Land Restoration) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 2021 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളിൽ ന്യൂഡൽഹി ഉള്‍പ്പെടെ 63 എണ്ണവും സ്ഥിതിചെയ്യുന്നത് ഇന്ത്യയിലാണ്. ഓരോ വർഷവും 277 ദശലക്ഷം ടൺ ഖരമാലിന്യം രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഇതിന്‍റെ 5 ശതമാനം മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെടുന്നത്. ഓരോ വര്‍ഷവും 40 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ ടൈഫോയ്‌ഡ്, കോളറ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ മൂലം കഷ്‌ടപ്പെടുന്നുണ്ട്. കൂടാതെ, വെള്ളപ്പൊക്കവും കാട്ടുതീയും പോലുളള തീവ്ര കാലാവസ്ഥ പ്രക്ഷോഭങ്ങള്‍ ദൈനംദിന സംഭവങ്ങളായി മാറിയിരിക്കുന്നു.
രാജ്യത്തെ നാല് പ്രധാന ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിലെ 90 ശതമാനവും ഇതിനകം നശിച്ചിരിക്കുന്നു. ഇത്തരത്തില്‍ മനുഷ്യന്‍റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന രീതിയില്‍ മനുഷ്യന്‍ പ്രകൃതിയെ മാറ്റിയതുകൊണ്ടു തന്നെ പ്രകൃതിയെ വാസയോഗ്യമായ രീതിയില്‍ പുനസൃഷ്‌ടിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. ഈ സാഹചര്യങ്ങളാണ് ഭൂമിയെ വീണ്ടെടുക്കല്‍ എന്ന ആശയത്തെ പരിസ്ഥിതി ദിനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തിരിക്കുന്നത്.
വരണ്ട പ്രദേശത്തെ പച്ചപ്പ് നശിച്ച് മരുഭൂമിയായി രൂപാന്തരപ്പെടുന്നതിനെയാണ് മരുവത്‌കരണം (Desertification) എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇത്തരത്തിലുളള വരണ്ട പ്രദേശങ്ങള്‍ വര്‍ധിക്കുന്നത് ജീവജാലങ്ങളുടെ വികാസത്തെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയുടെ 25 ശതമാനം ഭൂമിയും മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ മരുഭൂമികള്‍ കുറയ്‌ക്കേണ്ടതും പച്ചപ്പ് വര്‍ധിപ്പിക്കേണ്ടതും മനുഷ്യന്‍റെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണ്.
- വരള്‍ച്ചയെ പ്രതിരോധിക്കുക
വരൾച്ചയോട് പൊരുത്തപ്പെടാനും നേരിടാനും പ്രാപ്‌തമാക്കുന്നതിനെയാണ് വരള്‍ച്ച പ്രതിരോധം (Drought Resilience) എന്ന് പറയുന്നത്. ഇന്ത്യയുടെ 30 ശതമാനം പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. നിരവധി മരണങ്ങളാണ് ഓരോ വേനല്‍ക്കാലത്തും ഇന്ത്യയിലുണ്ടാകുന്നത്. ഈ പശ്ചാത്തലത്തില്‍ വരള്‍ച്ച നേരിടാന്‍ പ്രാപ്‌തമാവുക എന്നതും അത്യാവശ്യമാണ്.
മനുഷ്യ വാസമുളള ഏകഗ്രഹം മനോഹരമായ ഈ ഭൂമിയാണ്. മനുഷ്യന് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഇവിടെയുണ്ട്. അവയെ ചൂഷണം ചെയ്യുകയും നാശത്തിന്‍റെ പാരമ്യത്തിലെത്തിക്കുകയുമാണ് ഇത്രയും കാലം കൊണ്ട് മനുഷ്യന്‍ ചെയ്‌തത്. അതിന്‍റെ ഫലമായി കാലാവസ്ഥ ദുരന്തങ്ങള്‍ ലോകമാകെ ബാധിച്ചിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമെന്ന നിലയില്‍ ഇതിന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇനിയെങ്കിലും പ്രകൃതിയെ കരുതലോടെ സംരക്ഷിക്കാനുളള നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം.
Also Read:പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്