കേരളം

kerala

ETV Bharat / international

ശ്രീലങ്കൻ തെരഞ്ഞെടുപ്പ്; ഇന്ത്യക്ക് നിർണായകമാകുന്നതെങ്ങനെ? - INDIA STAKE AT SRI LANKAN ELECTION

ശ്രീലങ്കയുടെ ഭരണസിരാകേന്ദ്രങ്ങളിൽ സുപ്രധാന മാറ്റം പ്രതീക്ഷിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യക്കും നിർണായകമാണ്. അയൽരാജ്യമായ ദ്വീപ് രാഷ്ട്രത്തിലെ രാഷ്ട്രീയ ചലനങ്ങൾ ഇന്ത്യയുടെ വാണിജ്യ നയബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

SRI LANKAN PRESIDENTIAL ELECTION 24  INDIA SRI LANKA TRADE RELATIONS  INDIA CHINA CONFLICTS  INDIA CHINA STAKE IN SRI LANKA
India's stake at Sri Lankan election (ETV Bharat)

By ETV Bharat Kerala Team

Published : Sep 21, 2024, 11:11 PM IST

2022 ലെ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം ശ്രീലങ്ക ആദ്യമായൊരു തെരഞ്ഞെടുപ്പ് നേരിടുകയാണ്. സെപ്റ്റംബർ 21 ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം സെപ്റ്റംബർ 22 ന് വൈകിട്ടോടെ പുറത്തു വരും. രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനാധിപത്യ മത്സരങ്ങളിലൊന്നിനാണ് ശ്രീലങ്ക ഇത്തവണ സാക്ഷ്യം വഹിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശ്രീലങ്കയുടെ ഭരണസിരാകേന്ദ്രങ്ങളിൽ സുപ്രധാന മാറ്റം പ്രതീക്ഷിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യക്കും നിർണായകമാണ്. അയൽരാജ്യമായ ദ്വീപ് രാഷ്ട്രത്തിലെ രാഷ്ട്രീയ ചലനങ്ങൾ ഇന്ത്യയുടെ വാണിജ്യ നയബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

ശ്രീലങ്കൻ തെരഞ്ഞെടുപ്പിന്‍റെ പ്രസക്തി

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടന്ന് പൊയ്കൊണ്ടിരിക്കുന്നത്. വിദേശനാണ്യശേഖരത്തിലെ കുറവും അനിയന്ത്രിതമായ പണപ്പെരുപ്പവുമാണ് ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ ദശാബ്‌ദങ്ങളിലെതന്നെ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്.

സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ തൊഴിലില്ലായ്‌മ, വിലക്കയറ്റം, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങള്‍, സ്വജനപക്ഷപാതം തുടങ്ങിയ പ്രശ്‌നങ്ങൾ കൂടി തീവ്രമായതോടെ ജനങ്ങൾ തെരുവിലിറിങ്ങി. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് വരെ കടന്ന് കയറിയ ജനം അന്നത്തെ പ്രസിഡന്‍റ് ഗോതബായ രജപക്‌സെയെ അധികാരകസേരയിൽ നിന്ന് താഴെ ഇറക്കി. അങ്ങനെ വർഷങ്ങളോളമായി ശ്രീലങ്കയിൽ നിലനിന്നിരുന്ന കുടുംബവാഴ്‌ചക്ക് 'ജനത അരഗളായ' ജനകീയ മുന്നേറ്റം അവസാനം കുറിച്ചു.

പെട്ടെന്നുണ്ടായ ഈ രാഷ്ട്രീയ അസ്ഥിരത ഭരണമാറ്റത്തിലേക്ക് നയിച്ചു. അങ്ങനെ നിലവിലെ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ അധികാരത്തിൽ വന്നു. പാർലമെന്‍റിനുള്ളിൽ നടന്ന വോട്ടെടുപ്പിലൂടെയായിരുന്നു ഈ അധികാര മാറ്റം. അതിന് ശേഷം ശ്രീലങ്കയിൽ വരുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. അതായത് ആഭ്യന്തര കലാപത്തിന് ശേഷം ജനങ്ങൾക്ക് ജനാധിപത്യ വ്യവസ്ഥയിലൂടെ തങ്ങളുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കാൻ ലഭിക്കുന്ന ആദ്യ അവസരം. ഇതാണ് ശ്രീലങ്കൻ ജനതയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിന്‍റെ പ്രസക്തിയും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്ഥാനാർത്ഥികൾ

നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ഇടതുപക്ഷ രാഷ്ട്രീയക്കാരനായ അനുര കുമാര ദിസനായകെ, രജപക്‌സെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന നമൽ രജപക്‌സെ എന്നിവരാണ് 38 പേർ ഇറങ്ങിയ തെരഞ്ഞെടുപ്പ് ഗോദയിൽ പ്രധാന മുഖങ്ങള്‍. മധ്യ-വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവ് കൂടിയായ റനിൽ വിക്രമസിംഗെ സ്വതന്ത്ര സ്ഥാനാർത്ഥിയായിയായാണ് ഇത്തവണ മത്സരിക്കുന്നത്. 2022 ലെ അവസ്ഥയിൽ നിന്ന് ശ്രീലങ്കയെ തിരിച്ച് കയറ്റി തുടങ്ങാനായിട്ടുണ്ടെന്നതാണ് വിക്രമസിംഗെ ഈ തെരഞ്ഞെടുപ്പിലുയർത്തുന്ന ഏറ്റവും വലിയ അവകാശവാദം.

പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയാണ് മറ്റൊരു സുപ്രധാന സ്ഥാനാർഥി. ന്യൂനപക്ഷ വോട്ടുകളാണ് സജിത്ത് പ്രേമദാസ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. മുസ്ലീം ന്യൂനപക്ഷ വോട്ടുകളിൽ വലിയൊരു ശതമാനം സജിത്ത് പ്രേമദാസ അവകാശപ്പെടുന്നുണ്ടെങ്കിലും സിംഹള മേഖലകളിലെ വോട്ടുകളാകും ജയപരാജയങ്ങൾ നിർണയിക്കുക എന്നത് ശ്രദ്ധേയമാണ്. ഇടത്പക്ഷ ലിബറൽ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ സഖ്യത്തിലെ പ്രധാന പാർട്ടി 'ജനത വിമുക്തി പെരുമന' നേതാവായ അനുര കുമാര ദിസനായകെ ആണ് നിരീക്ഷകർ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന സ്ഥാനാർഥി. അവസാന നിമിഷം ചിത്രത്തിലെത്തിയ നമൽ രജപക്‌സെയും മത്സരരംഗത്തുണ്ട്.

ഇന്ത്യക്ക് നിർണായകമാകുന്നതെങ്ങനെ?

നേരത്തെ സൂചിപ്പിച്ചത് പോലെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതക്ക് പരിഹാരം കാണാനും സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സുപ്രധാന അവസരമാണ് ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ആര് അധികാരത്തിൽ വന്നാലും വിദേശ നിക്ഷേപങ്ങള്‍, വാണിജ്യ ബന്ധങ്ങള്‍, വിപണി വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കാനുള്ള നയ രൂപീകരണങ്ങൾക്കായിരിക്കും പ്രാധാന്യം കൽപിക്കുക. ആ നിലക്ക് ഇന്ത്യക്ക് ആശങ്കപ്പെടാനൊന്നും ഇല്ലെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തിലെ ശ്രീലങ്ക- ചൈന ബന്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന് നിർവചിക്കാൻ പോകുന്നത് ഈ തെരഞ്ഞെടുപ്പാണ്.

ആഗോള ഷിപ്പിംഗ് ശൃംഖലയിൽ പ്രധാന നോഡുകളായി പ്രവർത്തിക്കുന്നവയാണ് കൊളംമ്പോ, ഹമ്പൻതോട്ട തുടങ്ങിയ തുറമുഖങ്ങൾ. പ്രാദേശിക വ്യാപാരം വികസിച്ചതോടെ, ഏഷ്യയിലുടനീളമുള്ള ചരക്ക് കൈമാറ്റത്തിന് ഈ തുറമുഖങ്ങൾ നിർണായകമായി. ഇതിനിടെ ഒരു ചൈനീസ് സ്ഥാപനത്തിന് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്‌ടത്തെ തുടർന്ന് ശ്രീലങ്ക കൊളംബോ ഹമ്പൻതോട്ട തുറമുഖത്തിന്‍റെ നിയന്ത്രണം ചൈനക്ക് കൈമാറുമെന്ന് വാർത്തകൾ വന്നിരുന്നു. 99 വർഷത്തേക്ക് ചൈനയ്ക്ക് നിയന്ത്രണം കൈമാറുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരത്തിൽ നിയന്ത്രണം കൈമാറിയാൽ ഇന്ത്യൻ വിദേശ വാണിജ്യബന്ധങ്ങൾക്ക് കൂടി സുപ്രധാനമായ ഈ തുറമുഖങ്ങള്‍ ഇന്ത്യയും ചൈനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ജിയോപൊളിറ്റിക്കൽ ഗെയിമിലെ തുറുപ്പുചീട്ടായി മാറും.

ഈ സാഹചര്യത്തിൽ ശ്രീലങ്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കൊളംബോ വെസ്‌റ്റ് ഇൻ്റർനാഷണൽ ടെർമിനലിൻ്റെ വിപുലീകരണത്തിന് യുഎസ് ഫണ്ടിംഗിൻ്റെ പിന്തുണയോടെ അദാനി ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ വിപുലമായ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേഷ്യയിലെ തന്നെ പ്രധാന ഷിപ്പിംഗ് ഹബ്ബായി ശ്രീലങ്കയെ മാറ്റുന്നതിലൂടെ ചൈനയുടെ ശ്രീലങ്കൻ ആധിപത്യത്തെ പ്രതിരോധിക്കാനാകും എന്ന് ഇന്ത്യ കരുതുന്നു.

യുഎസ് ഡെവലപ്‌മെൻ്റ് ഫിനാൻസ് വഴി 553 മില്യൺ ഡോളറിന്‍റെ പിന്തുണയാണ് തുറമുഖ വികസനത്തിന് യുഎസ് നൽകുന്നത്. ഏഷ്യയിൽ, പ്രത്യേകിച്ച് ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ ആധിപത്യം വർധിപ്പിക്കാനുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൻ്റെ (BRI) ശ്രമങ്ങളെ തടയാനുള്ള യുഎസിന്‍റെ താൽപര്യങ്ങളെയും ഇത് കാണിക്കുന്നു.

എന്തായാലും ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നത് ചൈനക്കെന്ന പോലെത്തന്നെ ഇന്ത്യക്കും അതിനിർണായകമാണ്. ഏഷ്യയിലെ തന്നെ ഇന്ത്യയുടെ നയതന്ത്ര വാണിജ്യനീക്കങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കാം. പ്രത്യേകിച്ചും അയൽരാജ്യമായ ബംഗ്ലാദേശിലെ ഉൾപ്പെടെയുള്ള സമീപകാല രാഷ്ട്രീയ മാറ്റങ്ങളും ഷെയ്ഖ് ഹസീനയുടെ വിഷയത്തിലുൾപ്പെടെയുള്ള ഇന്ത്യൻ നിലപാടുകളും കണക്കിലെടുക്കുമ്പോൾ ശ്രീലങ്കയുമായി സൗഹാർദ്ദപരമായ ബന്ധം നിലനിർത്തേണ്ടത് ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്.

Also Read:അടുത്ത അമേരിക്കന്‍ ഭരണകൂടവും വിദേശനയവും

ABOUT THE AUTHOR

...view details