ഗാസ :സെൻട്രൽ ഗാസയിലെ അൽ-മഗാസി അഭയാർഥി ക്യാമ്പിന് നേരെ ചൊവ്വാഴ്‌ച ഉണ്ടായ ആക്രമണത്തിൽ ഏഴ് കുട്ടികളടക്കം 13 പേർ കൊല്ലപ്പെടുകയും 25-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ആക്രമണത്തിന്‍റെ ദൃക്‌സാക്ഷിയില്‍ നിന്ന് ലഭിച്ച ഗ്രാഫിക് വീഡിയോ അന്താരാഷ്‌ട്ര മാധ്യമമായ സിഎന്‍എന്‍ പുറത്ത് വിട്ടു. ആക്രമത്തില്‍ പരിക്കേറ്റ് തറയിൽ കിടക്കുന്ന നിരവധി പേരെ ദൃശ്യത്തില്‍ കാണാം.
നിരവധി പേര്‍ പരിഭ്രാന്തരായി ഓടുകയും നിലവിളിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 3:40 ഓടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അൽ-അഖ്‌സ മാര്‍ട്ടയര്‍ ഹോസ്‌പിറ്റലിൽ നിന്ന് സിഎന്‍എന്‍ ആക്രമണത്തിന്‍റെ ഭീകരത കാണിക്കുന്ന നിരവധി ചിത്രങ്ങള്‍ പകർത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മൃതദേഹത്തിന് സമീപം തിങ്ങിക്കൂടി നിന്ന് വിലപിക്കുന്നത് ചിത്രങ്ങളില്‍ കാണാം.
ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് കുടുംബങ്ങൾ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. 'അവർക്ക് ആരുമായും യാതൊരു ബന്ധവുമില്ല. അവർ സാധാരണക്കാരാണ്. ഞങ്ങളോട് കരുണ കാണിക്കൂ. നിങ്ങൾ കുട്ടികളെ കൊല്ലുകയാണ്. നിങ്ങൾ ഒരു സൈന്യത്തെയോ പോരാളികളെയോ കൊല്ലുന്നില്ല. നിങ്ങൾ തെരുവിൽ സമാധാനമായി കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കൊല്ലുകയാണ്.'- ആക്രമണത്തിന് ഇരയായ മകളുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ ഒരു പിതാവ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു.