തിരുവനന്തപുരം:പോപ്പ് ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഇനിയും വൈകുമെന്ന് സൂചന. തങ്ങളുടെ പരമപിതാവിനെ നേരിട്ട് കാണാന്‍ രാജ്യത്തെ ക്രൈസ്‌തവ ജനത ഇനിയും ഒരു കൊല്ലം കൂടി കാത്തിരിക്കേണ്ടി വരും. 2025 കത്തോലിക്ക സഭയുടെ ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അതിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ച ശേഷമേ പോപ്പ് വത്തിക്കാന് പുറത്തുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തൂ എന്നതാണ് സൂചന.
മാര്‍പാപ്പ 2025ന് ശേഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ള 2025ലെ ആഘോഷങ്ങള്‍ക്ക് ശേഷമാകും പോപ്പിന്‍റെ ഇന്ത്യാ സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഔദ്യോഗികമായി തന്നെ പോപ്പിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെയാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്. ബാക്കി നടപടിക്രമങ്ങളെല്ലാം വത്തിക്കാനാണ് ചെയ്യേണ്ടത്. പോപ്പിന്‍റെ സൗകര്യം അനുസരിച്ചാകും ഇന്ത്യാ സന്ദര്‍ശനമെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കര്‍ദ്ദിനാളായി അഭിഷേകം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ സംഘത്തില്‍ കേന്ദ്ര ന്യൂനപക്ഷകാര്യസഹമന്ത്രി ജോര്‍ജ് കുര്യനുമുണ്ട്. ഇന്ന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിലാണ് കര്‍ദിനാളിന്‍റെ അഭിഷേകച്ചടങ്ങുകള്‍.
യേശുദേവന്‍റെ ജനനത്തിന്‍റെ ജൂബിലി വാര്‍ഷികമായാണ് 2025 കത്തോലിക്ക സഭ ആഘോഷിക്കുന്നത്. അതുകൊണ്ട് അടുത്ത വര്‍ഷമാകും പോപ്പിന്‍റെ ഇന്ത്യാ സന്ദര്‍ശനമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ അതുണ്ടാകുമെന്നാണ് കരുതുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയും ക്രൈസ്‌തവ സമൂഹവും പോപ്പ് ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
റോമന്‍ കത്തോലിക്കാ സഭയുടെ അധിപനായ പോപ്പ് ഫ്രാന്‍സിസ് പ്രതീക്ഷിക്കുന്നതിലും നേരത്തെ ഇന്ത്യയിലെത്തുമെന്ന് നേരത്തെ ഗോവ മന്ത്രി മൗവിന്‍ ഗോഡിന്‍ഹോ പറഞ്ഞിരുന്നു. ദക്ഷിണ ഇറ്റലിയിലെ അപൗലിയയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പോപ്പ് ഫ്രാന്‍സിസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.
അതേസമയം, ആർച്ച്ബിഷപ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ ഏഴംഗ ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്‍റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്‍റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും ഉണ്ട്. സംഘം മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും.
കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച മാര്‍ ജോര്‍ജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ചടങ്ങുകള്‍ നടക്കുക. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാന്‍ സമയം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് തിരുകര്‍മങ്ങള്‍ നടക്കുന്നത്.
Also Read:ചരിത്രത്തില്‍ ഇടംപിടിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഇന്ന്; ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനാകും