കെയ്‌റോ:കനത്ത ചൂട് മൂലം ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ 1300-ലധികം വിശ്വാസികൾ മരിച്ചതായി സൗദി അധികൃതർ. ആകെയുള്ള 1,301 മരണങ്ങളിൽ 83 ശതമാനവും അനധികൃതമായി എത്തിയ തീർഥാടകരാണ്. വിശുദ്ധ നഗരമായ ഉയർന്ന താപനിലയിൽ മക്കയിലും പരിസരത്തും ഹജ്ജ് കർമ്മങ്ങൾ അനുഷ്‌ഠിക്കുന്നതിനായി വളരെ ദൂരം നടന്ന് എത്തിയവരാണിതെന്ന് ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്‌ദുറഹ്മാൻ അൽ ജലാജെൽ പറഞ്ഞു.
95 തീർഥാടകർ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിലാണ്. അവരിൽ ചിലരെ റിയാദിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. മരിച്ച തീർഥാടകരിൽ പലരുടെയും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാലാണ് മൃതദേഹങ്ങൾ തിരിച്ചറിയാനുളള നടപടികൾ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ചവരെ മക്കയിൽ തന്നെ അടക്കം ചെയ്‌തു. മരിച്ചവരിൽ 660 ലധികം ഈജിപ്ഷ്യൻകാരും ഉൾപ്പെടുന്നു. മരിച്ച ഈജിപ്‌തുകാരിൽ 31 പേർ ഒഴികെ എല്ലാവരും അനധികൃത തീർഥാടകരായിരുന്നുവെന്ന് കെയ്‌റോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.