ന്യൂഡൽഹി :ഗവൺമെന്‍റിന്‍റെ നിർദിഷ്‌ട നികുതി വർധനയ്‌ക്കെതിരെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സംഘർഷം രൂക്ഷം. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് കെനിയയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കി. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത്, കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും സാഹചര്യം വ്യക്തമാകുന്നതുവരെ പ്രതിഷേധങ്ങളും അക്രമങ്ങളും നടക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര കര്‍ശനമായും ഒഴിവാക്കാനുമാണ് നിര്‍ദേശം. എക്‌സിലൂടെയാണ് എംബസിയുടെ മുന്നറിയിപ്പ്.
പ്രാദേശിക വാർത്തകളും മിഷന്‍റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പിന്തുടരണമെന്നും എംബസി കൂട്ടിച്ചേർത്തു. തലസ്ഥാനമായ നെയ്‌റോബി ഉൾപ്പെടെ കെനിയയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നികുതി വർധനവ് അവതരിപ്പിക്കുന്ന വിവാദ ധനകാര്യ ബില്ലിന് കെനിയൻ പാർലമെന്‍റ് അംഗീകാരം നൽകിയതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
കെനിയയുടെ പാർലമെന്‍റിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇരച്ചുകയറി പാർലമെന്‍റിന്‍റെ ഒരു ഭാഗം തീയിട്ടിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിൽ സുരക്ഷ സേന കണ്ണീർ വാതകം, ജലപീരങ്കികൾ എന്നിവ ഉപയോഗിച്ചു. മാത്രമല്ല അവർക്കുനേരെ വെടിയുതിർക്കുകയും ചെയ്‌തു. പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുന്ന സാഹചര്യവും ഉണ്ടായി.
ആക്രമണത്തിൽ നെയ്‌റോബിയിൽ അഞ്ച് പ്രതിഷേധക്കാർ വെടിയേറ്റ് കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നികുതി ബില്ലിനെക്കുറിച്ചുള്ള പാർലമെന്‍ററി ചർച്ചകൾ നടക്കുമ്പോൾ, പ്രസിഡന്‍റിന്‍റെ ഓഫിസും വസതിയുമായി പ്രവർത്തിക്കുന്ന പാർലമെന്‍റ് മന്ദിരത്തിനും സ്‌റ്റേറ്റ് ഹൗസിനും ചുറ്റും സുരക്ഷ വർധിപ്പിച്ചിരുന്നു. ബിൽ ആത്യന്തികമായി പാസാക്കുകയും, തുടർന്ന് പാർലമെന്‍റ് പിരിയുകയും ചെയ്‌തു. ബിൽ പാസായതിനെ തുടർന്ന് പ്രതിഷേധക്കാർ കെട്ടിടത്തിന് പുറത്ത് ഒത്തുകൂടുകയും പാർലമെന്‍റിന്‍റെ ഒരു ഭാഗം അഗ്‌നിക്കിരയാക്കുകയും ചെയ്‌തു.
ദശാബ്‌ദങ്ങളിൽ സർക്കാരിനെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. സംഘർഷം മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചുവെന്നാണ് അധികൃതർ നല്‍കുന്ന വിവരം. 'നമ്മുടെ ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നാണ് ഇന്നത്തെ സംഭവങ്ങൾ അടയാളപ്പെടുത്തുന്നത്' -പ്രസിഡൻ്റ് വില്യം റൂട്ടോ പറഞ്ഞു. പ്രതിഷേധത്തെ രാജ്യദ്രോഹം എന്ന് വിശേഷിപ്പിച്ച അദ്ദേഹം എന്ത് വിലകൊടുത്തും രാജ്യത്തെ അശാന്തി ഇല്ലാതാക്കുമെന്നും ഉറപ്പുനല്‍കി.
രാജ്യത്തെ സംഘർഷാവസ്ഥയിൽ പൊലീസിനെ പിന്തുണയ്ക്കാൻ സൈന്യത്തെ വിന്യസിച്ചതായി കെനിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. കിഴക്കൻ ആഫ്രിക്കയുടെ സാമ്പത്തിക കേന്ദ്രത്തിൽ പുതിയ നികുതി ചുമത്തുന്ന ധനകാര്യ ബില്ലിനെതിരെ നിയമസഭാംഗങ്ങൾ വോട്ട് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയസഭാംഗങ്ങൾ ബില്ലിനെ പിന്തുണയ്‌ക്കുകയാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
ALSO READ :പോര്‍വിളികളുമായി ഹിസ്‌ബുള്ളയും ഇസ്രയേലും: ആരാണ്, എന്താണ് ഹിസ്‌ബുള്ള?