വാഷിങ്ടണ്‍:നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാനിയൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് അറിയിച്ച് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (എഫ്ബിഐ). നിയുക്ത റിപ്പബ്ലിക്കൻ പ്രസിഡന്‍റിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇറാന് കൃത്യമായ പങ്കുണ്ടെന്നും 3 പേര്‍ക്കെതിരെ കേസെടുത്തുവെന്നും എഫ്ബിഐ അറിയിച്ചു.
സംഭവത്തില്‍ ഇറാനിയൻ പൗരനെതിരെ കുറ്റം ചുമത്തുകയും രണ്ട് അമേരിക്കൻ പൗരന്മാരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തതായി അമേരിക്കൻ അന്വേഷണ ഏജൻസി വ്യക്തമാക്കി. ഇറാനിൽ താമസിക്കുന്ന ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെ (ഐആർജിസി) പ്രധാന അംഗമായ ഫർഹാദ് ഷാക്കേരി (51) ആണ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിലെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിലെ ബ്രൂക്ലിൻ, സ്‌റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കാർലിസ്‌ലെ റിവേര (49), ജോനാഥൻ ലോഡ്‌ഹോൾട്ട് (36) എന്നീ അമേരിക്കൻ പൗരൻമാരെ സംഭവത്തില്‍ അറസ്‌റ്റ് ചെയ്‌തു. ഷാക്കേരിയുടെ ഒരു ഓഡിയോ റെക്കോര്‍ഡില്‍ നിന്നാണ് ട്രംപിനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതായി എഫ്‌ബിഐ തിരിച്ചറിഞ്ഞത്. ഇതിനെ രണ്ട് യുഎസ് പൗരൻമാര്‍ പിന്തുണയ്‌ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഎസ് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഇറാൻ ഭരണകൂടം ഒക്ടോബർ 7 ന് തന്നെ ഷാക്കേരിയെ ചുമതലപ്പെടുത്തിയെന്നും അമേരിക്കൻ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. കവർച്ച കേസിൽ 14 വർഷം തടവ് അനുഭവിച്ച ശേഷം 2008-ൽ അമേരിക്കയില്‍ നിന്ന് ഇറാനിലേക്ക് നാടുകടത്തപ്പെട്ട ഷാക്കേരി, ന്യൂയോർക്ക് സിറ്റിയിലെ രണ്ട് ജൂത-അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു. 500,000 യുഎസ് ഡോളറാണ് ഒരാളെ കൊലപ്പെടുത്താൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഷാക്കേരിക്ക് വാഗ്‌ദാനം ചെയ്‌തതെന്നും അമേരിക്കൻ അന്വേഷണ ഏജൻസി അറിയിച്ചു.