ബദഖ്‌ഷാൻ:അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം. ബദഖ്‌ഷാൻ മേഖലയിൽ റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഓഫ് സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്‌തു. ഇന്ത്യൻ സമയം രാവിലെ 9:58നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്‍റർ ഓഫ് സീസ്‌മോളജിയുടെ കണക്കനുസരിച്ച് 150 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
അതേസമയം കഴിഞ്ഞദിവസം പുലർച്ചെയും ബദഖ്‌ഷാൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ ആഴ്‌ച ആദ്യം മേഖലയിൽ റിക്‌ടർ സ്കെയിലിൽ 4.4, 3.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ മാസം പത്തിലധികം ഭൂചലനങ്ങളാണ് ഈ മേഖലയിൽ ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി റിപ്പോർട്ട് ചെയ്‌തു.
അഫ്‌ഗാനിസ്ഥാനിലുടനീളം ഉണ്ടാകുന്ന ഭൂകമ്പങ്ങൾ രാജ്യത്തെ നിരവധി പ്രവിശ്യകളെയും പൗരന്മാരെയും ബാധിച്ചതായി ടോളോ ന്യൂസിന്‍റെ സമീപകാല റിപ്പോർട്ടുകളിൽ പറയുന്നു. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്‍റെയും റെഡ് ക്രസൻ്റിൻ്റെയും റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ കാലാവസ്ഥ ദുർബലമായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യമാണ് അഫ്‌ഗാനിസ്ഥാൻ.