വാഷിങ്ടൺ :ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം ഉണ്ടായ സാഹചര്യത്തില്‍ പെൻസിൽവാനിയ റാലിയിലെ സുരക്ഷ നടപടികളെ കുറിച്ച് അവലോകനം ചെയ്യാൻ ജോ ബൈഡൻ ഉത്തരവിട്ടു. 'എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിലയിരുത്തുന്നതിന് ഇന്നലെ നടന്ന റാലിയിലെ ദേശീയ സുരക്ഷയെക്കുറിച്ച് ഒരു സ്വതന്ത്ര അവലോകനത്തിന് നിർദേശം നൽകിയിട്ടുണ്ട്'- എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. അവലോകനത്തിൻ്റെ ഫലങ്ങൾ അമേരിക്കൻ ജനതയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിൻ്റെ റാലിയിൽ ആക്രമണം നടന്നതിന് ശേഷമുള്ള ബൈഡന്‍റെ രണ്ടാമത്തെ പരസ്യ പ്രസ്‌താവനയാണിത്. ഈ ആഴ്‌ച മിൽവാക്കിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷന് മുന്നോടിയായി സുരക്ഷ നടപടികൾ വിലയിരുത്താനും ബൈഡൻ യുഎസ് രഹസ്യാന്വേഷണ മേധാവിയോട് നിർദേശിച്ചു. മുൻ യുഎസ് പ്രസിഡൻ്റും സംഘവും ആവശ്യപ്പെട്ട എല്ലാ രഹസ്യ സേവനങ്ങളും നൽകാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. ഇനിയും ട്രംപിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ രഹസ്യ സേവനങ്ങളും അദ്ദേഹത്തിന് നൽകുമെന്നും ബൈഡൻ ഉറപ്പുനല്‍കി.
വെടിവയ്പ്പ് നടക്കുമ്പോൾ ബൈഡൻ ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലായിരുന്നു. ശനിയാഴ്‌ച വൈകി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ അദ്ദേഹം ഞായറാഴ്‌ച രാവിലെ ഹോംലാൻഡ് സെക്യൂരിറ്റി, ലോ എൻഫോഴ്‌സ്‌മെൻ്റ് അധികാരികളിൽ നിന്ന് വിവരം അറിയുകയായിരുന്നു. തുടര്‍ന്ന് 'അമേരിക്കയിൽ ഇത്തരത്തിലുള്ള ആക്രമണത്തിന് സ്ഥാനമില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ നിലകൊള്ളുന്ന എല്ലാത്തിനും വിരുദ്ധമാണ് ഈ കൊലപാതകശ്രമം. ഇത് അനുവദിക്കാനാവില്ല'- എന്ന് അദ്ദേഹം പ്രതികരിച്ചു.