ധാക്ക: ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഇതൊരു സുപ്രധാന ദിനമാണെന്ന് പ്രൊസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്‌ലാം പറഞ്ഞു. വിചാരണയ്ക്കായി തങ്ങള്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസീനയുടെ ഭരണത്തിനിടെ ജീവന്‍ നഷ്‌ടമായ ഒരാളുടെ ബന്ധു കൂടിയാണ് ഇദ്ദേഹം.
ഇപ്പോള്‍ ഹസീനയെ അറസ്‌റ്റ് ചെയ്‌ത് അടുത്ത മാസം പതിനെട്ടിനകം കോടതിയില്‍ ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവെന്നും ബംഗ്ലാദേശ് ഇന്‍റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ മുഖ്യ പ്രൊസിക്യൂട്ടറായ ഇസ്‌ലാം പറഞ്ഞു. കൂട്ടക്കൊലയും കൊലപാതകങ്ങളും മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമടക്കം ജൂലൈ മുതല്‍ ഓഗസ്‌റ്റ് വരെ രാജ്യത്ത് വലിയ അരാജകത്വമാണ് നടമാടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ മുന്‍ ജനറൽ കസെക്രട്ടറിയായ ഒബൈയ്‌ദുല്‍ ഖാദറിനെതിരെയും പേര് പരാമര്‍ശിക്കാത്ത മറ്റ് 44 പേര്‍ക്കെതിരെയും കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയുടെ ഭരണം അവസാനിച്ചതോടെ അവരുടെ നിരവധി അനുയായികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രക്ഷോഭകാലത്ത് നിയമവാഴ്‌ച തകര്‍ന്ന് 700 ജീവനുകള്‍ നഷ്‌ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.