കന്നുകാലികളെ ഗുരുതരമായി ബാധിക്കുന്ന ലംപി സ്‌കിൻ ഡിസീസിനെതിരെ (എൽഎസ്‌ഡി) കണ്ടുപിടിച്ച ബയോലംപിവാക്‌സിന് അംഗീകാരം നൽകി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ). കർണാടകയിലെ മല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂതന മൃഗാരോഗ്യ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഗ്രൂപ്പ് കമ്പനിയായ ബയോവെറ്റ് തിങ്കളാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്.
എൽഎസ്‌ഡിയ്ക്കെതിരെ ഇന്ത്യയിൽ ആദ്യമായി കണ്ടുപിടിച്ച വാക്‌സിനാണ് ബയോലാംപിവാക്‌സിൻ എന്ന് ബയോവെറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും രോഗം ബാധിച്ചവയെ വാക്‌സിൻ നൽകിയ മൃഗങ്ങളിൽ നിന്ന് വേർതിരിച്ചറിയുന്ന ആദ്യത്തേതുമായ (DIVA) വാക്‌സിൻ കൂടിയാണിത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഈ വാക്‌സിൻ ഉയർന്ന സുരക്ഷയും ഫലപ്രാപ്‌തിയും വാഗ്‌ദാനം ചെയ്യുന്നു.
DIVA ആശയം ഉപയോഗിച്ച് സ്വാഭാവികമായി രോഗബാധിതരായ മൃഗങ്ങൾക്കും വാക്‌സിനേഷൻ നൽകിയ മൃഗങ്ങൾക്കും ഇടയിലുള്ള സീറോളജിക്കൽ വ്യത്യാസവും തിരിച്ചറിയാൻ സാധിക്കും. വാക്‌സിന്‍റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്‌തി എന്നിവ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്-നാഷണൽ റിസർച്ച് സെന്‍റർ ഓൺ എക്വിൻസ് (ICAR-NRCE) ലും ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (IVRI) പരീക്ഷിച്ച് ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിനും ശേഷമാണ് ബയോലംപിവാക്‌സിന് ലൈസൻസ് നൽകിയത്.
ഭാരത് ബയോടെക്കിന്‍റെ ബയോവെറ്റുമായി സഹകരിച്ച് ഹിസാറിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്-നാഷണൽ റിസർച്ച് സെന്‍റർ ഓൺ ഈക്വിൻസ് (ICAR-NRCE)-ൽ നിന്നുള്ള എൽഎസ്‌ഡി വൈറസ്/റാഞ്ചി/2019 വാക്‌സിൻ സ്ട്രെയിൻ ഉപയോഗിച്ചാണ് ഈ നൂതന തദ്ദേശീയ ലൈവ്-അറ്റൻവേറ്റഡ് മാർക്കർ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഡോ ബി എൻ ത്രിപാഠിയുടെ നേതൃത്വത്തിൽ ഡോ നവീൻ കുമാറും സംഘവും മൂന്ന് വർഷത്തിനിടെ നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്‌സിൻ വികസിപ്പിച്ചത്.
രോഗ നിരീക്ഷണത്തിനും നിർമ്മാർജ്ജന പരിപാടികൾക്കും വെറ്ററിനറി മെഡിസിനിൽ ഒരു ഗെയിം ചേഞ്ചറാണ് ഈ DIVA മാർക്കർ വാക്‌സിൻ എന്ന് ബയോവെറ്റ് സ്ഥാപകൻ ഡോ കൃഷ്‌ണ എല്ല പറഞ്ഞു. ഒരു കന്നുകാലിയ്ക്ക് ബയോലംപിവാക്‌സിൻ എടുത്തിട്ടുണ്ടോയെന്നും മുമ്പ് എൽഎസ്‌സി ബാധിച്ചിട്ടുണ്ടോയെന്നും എപ്പിഡെമിയോളജിസ്റ്റുകൾക്കും ഫീൽഡ് വർക്കർമാർക്കും വേർതിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി വെറ്ററിനറി ഹെൽത്ത് കെയറിൽ ഇന്ത്യയുടെ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ വാക്‌സിന് ലഭിച്ച സിഡിഎസ്‌സിഒ ലൈസൻസെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ ഇന്ത്യയിൽ എൽഎസ്‌ഡി പടർന്ന് പിടിച്ചപ്പോൾ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു & കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ നിരക്ക് 80% വും മരണനിരക്ക് 67% വുമായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
3 മാസത്തിൽ കൂടുതൽ പ്രായമുള്ള കന്നുകാലികൾക്കും എരുമകൾക്കും വർഷത്തിലൊരിക്കൽ നൽകുന്ന ഒറ്റ വാക്‌സിനേഷനാണ് ബയോംപിവാക്‌സിൻ. ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ഭാഗമായി ഐസിഎആർ-എൻആർസിഇ, ഹിസാർ, ബയോവെറ്റ് എന്നിവ ചേർന്ന് ആയിരക്കണക്കിന് കന്നുകാലികൾക്കാണ് വാക്‌സിൻ നൽകിയത്. ഗർഭിണികളായ കന്നുകാലികൾ, മുലയൂട്ടുന്ന കന്നുകാലികൾ, എരുമകൾ എന്നിവയുൾപ്പെടെ എല്ലാത്തരം മൃഗങ്ങളിലും ഈ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി.