പോഷക ഗുണങ്ങൾ ഏറെയുള്ള പഴമാണ് മാതളനാരങ്ങ അഥവാ അനാർ. വിറ്റാമിൻ സി, നാരുകൾ, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഫോളേറ്റ്, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അനാറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും രോഗങ്ങളെ ചെറുക്കനും മാതളനാരങ്ങ ഗുണം ചെയ്യും. ഇതിൽ കുറഞ്ഞ അളവിൽ മാത്രമേ കലോറി അടങ്ങിയിട്ടുള്ളു. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തിക്കാനും മാതളനാരങ്ങ സഹായിക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒരു പഴമാണിത്.
പ്യൂണികലാജിൻസ്, ആന്തോസയാനിൻ തുടങ്ങിയ പോളിഫെനോളുകൾ മാതള നാരങ്ങായിൽ അടങ്ങിയിട്ടുണ്ട്. ശരീത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഇത് സഹായിക്കും. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മാതളനാരങ്ങയുടെ ഉപയോഗം ഗുണം ചെയ്യും. ഇതിലൂടെ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും.
മാതളനാരങ്ങയിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനെ പ്രതിരോധിക്കാനും കാൻസർ കോശങ്ങളുടെ വ്യാപനത്തെ തടയാനും സഹായിക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മാതളനാരങ്ങയിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് കാൻസർ സാധ്യത വർധിപ്പിക്കാൻ ഇടയാക്കുന്ന വിട്ടുമാറാത്ത വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്.
ഓർമ്മക്കുറവുള്ളവരിലും പ്രായമായവരിലും ഓർമ്മശക്തി വർധിപ്പിക്കാൻ മാതളനാരങ്ങ സഹായിക്കുമെന്ന് എവിഡൻസ് ബേസ്‌ഡ് കോംപ്ലിമെൻ്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിനിൽ പ്രസിദ്ധീരിച്ച ഒരു പഠനത്തിൽ പറയുന്നു. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇത് ഫലപ്രദമാണ്.
തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. ഓക്‌സിജൻ വിതരണം രക്തപ്രവാഹം എന്നിവ സുഗമമാക്കാനും പക്ഷാഘാത സാധ്യത കുറയ്ക്കാനും ഇതിന് കഴിയും. അസറ്റൈല്‍കോളിന്‍, ഡോപ്പമിന്‍, സെറോടോണിന്‍ എന്നീ ന്യൂറോട്രാന്‍സ്‌മിറ്ററുകളെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങ സഹായിക്കും.