പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങൾ കാഴ്ച്ചയിൽ വളരെ ആകർഷകമാണ്. അവശ്യ പോഷകങ്ങൾ ധാരാളമുള്ള ഇവയിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ലൊരു ഉറവിടമായ ഇവയിൽ വൈറ്റമിൻ സി, കെ, ഫൈബർ, പൊട്ടാസ്യം എന്നിവയും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ആന്‍റു ഓക്‌സിഡന്‍റുകളാൽ സമ്പന്നമായതിനാൽ പതിവായി ഇത് കഴിക്കുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാനും സഹായിക്കും.
ഇതിലെ ആന്തോസയാനിനുകൾ എന്ന ആൻ്റി ഓക്‌സിഡൻ്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാനും പർപ്പിൾ നിറത്തിലുള്ള ഭക്ഷണൾ സഹായിക്കും. ഇതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനാകും.
പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സാധിക്കും. വഴുതന, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾക്ക് വീക്കം മൂലമുണ്ടകുന്ന പാടുകൾ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്ന് ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയാനുള്ള കഴിവും പർപ്പിൾ ഭക്ഷണങ്ങളിലെ ആന്തോസയാനിലുണ്ട്. വൻകുടൽ കാൻസർ, കരൾ കാൻസർ ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
ആന്തോസയാനിൻ ധാരാളം അടങ്ങിയ, ബ്ലൂബെറി, പർപ്പിൾ മുന്തിരി തുടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. പ്രായവുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക തകർച്ചയിൽ നിന്ന് സംരക്ഷിക്കാനും ഇത് ഗുണകരമാണ്. പർപ്പിൾ കാബേജ്, വഴുതന തുടങ്ങിയവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന്‍റെയും, കുടലിന്‍റെയും ആരോഗ്യത്തെ പിന്തുണയ്ക്കും. മലബന്ധത്തിന്‍റെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. നാരുകളുടെ മികച്ച ഉറവിടമായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രികാനും ഇത് ഉപകരിക്കും.