2017 ൽ റിലീസ് ചെയ്‌ത് നിരൂപക പ്രശംസ പിടിച്ചു പറ്റിയ കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിന് ശേഷം നിഥിലൻ സാമിനാഥാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രത്തിൽ ഒപ്പത്തിന് ഒപ്പം നില്‍ക്കാൻ ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും എത്തുന്നു. ചിത്രത്തിൽ പ്രധാന വേഷം തന്നെയാണ് അനുരാഗ് കശ്യപിന്.
അടുത്തിടെ ഇറങ്ങിയ വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം നേടാനാകാത്തതു കൊണ്ടുതന്നെ ആരാധകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. കറപ്റ്റഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിൽ ഛായാഗ്രാഹകനും നടനുമായ നടരാജൻ സുബ്രമണ്യം എന്ന നാട്ടി നടരാജും എത്തുന്നതോടെ കഥാസന്ദർഭങ്ങൾ കൊഴുക്കും എന്നതിൽ സംശയം വേണ്ട.
മലയാളി താരം മമ്ത മോഹൻദാസും സുപ്രധാന വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ന് പുറത്തിറങ്ങിയ ട്രെയിലർ മുഴുനീളെ, ആഴമുള്ള വൈകാരികത നിറച്ച് ഗംഭീര ആക്ഷൻ പശ്ചാത്തലത്തിൽ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാക്കുന്നു. ചെവിയിൽ മുറിവേറ്റ നിസഹായനായ നായകൻ പ്രതികരണ ശേഷി വീണ്ടെടുക്കുബോൾ നേരിടേണ്ടി വരുന്ന തടസങ്ങൾ ചില്ലറയല്ല. നേരിടേണ്ടത് നാട്ടി നടരാജും അനുരാഗ് കശ്യപും അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രങ്ങളുടെ പ്രതിരോധത്തെ. സ്‌ക്രീനിൽ തീപാറും എന്നതിന് ഒരു സംശയവും വേണ്ട.