മലയാള സിനിമാസ്വാദകർ കൊതിയോടെ കാത്തിരിക്കുന്ന 'വർഷങ്ങൾക്ക് ശേഷം' സിനിമയിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ചിത്രത്തിലെ 'ന്യാബകം...' എന്ന് തുടങ്ങുന്ന പുതിയ ഗാനമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഗൃഹാതുരത ഉണർത്തുന്ന, പഴയകാല ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഗാനമാണ് ഇതെന്നാണ് പാട്ടിന് താഴെ വകരുന്ന കമന്‍റുകൾ.
ഏതായാലും സിനിമയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ ഗാനവും. അമൃത് രാംനാഥാണ് 'ന്യാബകം...' ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകൻ അമൃത് രാംനാഥും സിന്ദൂര ജിഷ്‌ണുവും ചേർന്നാണ് ആലാപനം.
മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന 'വർഷങ്ങൾക്ക് ശേഷ'ത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രധാന വേഷത്തിലുണ്ട്. റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് 'വർഷങ്ങൾക്ക് ശേഷം' പ്രേക്ഷകർക്ക് മുന്നിൽ എത്തും.
തമിഴിലെ വമ്പൻ കമ്പനികളിൽ ഒന്നായ ശക്തി ഫിലിം ഫാക്‌ടറിക്കാണ് ഈ സിനിമയുടെ തമിഴ്‌നാട്ടിലെ വിതരണാവകാശം. റെക്കോർഡ് തുകയ്‌ക്കാണ് ശക്തി ഫിലിം ഫാക്‌ടറി വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തിൽ നിർമാതാക്കളായ മെറിലാൻഡ് സിനിമാസ് തന്നെയാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.
വമ്പൻ താരനിരയുമായാണ് വിനീതിന്‍റെ ഈ സ്വപ്‌ന ചിത്രം എത്തുന്നത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ചിത്രത്തിന്‍റെ താരനിര നീളും. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്‌ക്രീനിൽ ഉറപ്പ് നൽകി അടുത്തിടെ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഗാനങ്ങളും ഓരോന്നായി പ്രേക്ഷക പ്രതീക്ഷയേറ്റി എത്തുകയാണ്. നേരത്തെ പുറത്തുവന്ന ഗാനങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു.
സൗഹൃദവും സിനിമയും സ്വപ്‌നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും 'വർഷങ്ങൾക്ക് ശേഷം' എന്നാണ് സൂചന. സംവിധാനത്തിന് പുറമെ ഈ ചിത്രത്തിനായി തിരക്കഥ രചിച്ചതും വിനീത് ശ്രീനിവാസൻ തന്നെയാണ്. വിശ്വജിത്ത് ഛായാഗ്രാഹകനായ ഈ സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്. കലാസംവിധായകൻ നിമേഷ് താനൂരുമാണ്.
ALSO READ:സിനിമയേക്കാൾ ആരാധകരേറെയായി ഞങ്ങളുടെ ഇന്‍റർവ്യൂകൾക്ക്; 'വർഷങ്ങൾക്കു ശേഷം' വിശേഷങ്ങളുമായി സംവിധായകൻ